ആ കാലം ഇനിയും വരുമോ.....
ആ ക്ലാസ്സില്‍ നമ്മള്‍ ഒന്നിച്ച് ഇരിക്കാനായി......
ഒരു കവിയുടെ മനോഹരമായ വരി. ഏതൊരു വ്യക്തിയുടെയും ജീവിത കാലഘട്ടത്തില്‍ ഒരിക്കലും മറന്നു പോകാന്‍ ഇടയില്ലാത്ത ഒരു കാലഘട്ടമാണ് കലാലയ ജീവിതം. ഇത്രയധികം നഷ്ടബോധവും ഗ്രഹതുരത്വവും ഓര്‍മപ്പെടുത്തുന്ന ഒരു കാലഘട്ടം വേറെ ഒന്നും തന്നെഇല്ല എന്നതാണ് സത്യം. ആ ക്ലാസ്സില്‍ ഒന്ന് കൂടി പോയി ഇരിക്കണം എന്ന് ഒരിക്കലെങ്കിലും തോന്നാത്ത ഏത് ജന്മമാണ് ഉള്ളത്. ഒന്നാം ക്ലാസ്സില്‍ നിന്നും രണ്ടില്‍ എത്തിയപ്പോഴാണ് കൂടുതല്‍ പഠിക്കേണ്ട കാര്യങ്ങള്‍ ഓര്‍ത്തിട്ടാവണം ആ പഴയ ക്ലാസ്സില്‍ ഒന്ന് കൂടി പോയി ഇരിക്കണം എന്ന ആഗ്രഹം ആദ്യം തോന്നിയത്. അത് തുടര്‍ന്ന് തുടര്‍ന്ന് വന്നു.
അക്ഷരങ്ങള്‍ വായിച്ച് തുടങ്ങുന്നത് വടകര മനാരുല്‍ ഇസ്ലാം സഭയുടെ കീഴിലുള്ള മുക്കോലഭാഗം ജൂനിയര്‍ ബേസിക് സ്കൂള്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന് കൊണ്ടാണ്. എന്റെ വീടിന്റെ അടുത്തുള്ള കുട്ടികളൊക്കെ ചേര്‍ന്ന് പഠിച്ചത് എം.യു.എം. ജെ.ബി. സ്കൂളില്‍ ആയപ്പോഴും എന്നെയും സഹോദരങ്ങളെയും മുക്കോല ഭാഗം സ്കൂളില്‍ ചേര്‍ത്താന്‍ പ്രധാന കാരണം ഉപ്പാന്റെ ഹോട്ടല്‍ സ്കൂളിന്റെ വിളിപ്പാടകലെ എന്ന സൗകര്യം പരിഗണിച്ചായിരുന്നു. അവിടെയാണെങ്കില്‍ ഉച്ചക്ക് വീട്ടില്‍ വരാതെ ഭക്ഷണം ഉപ്പാന്റെ ഹോട്ടലില്‍ നിന്നും കഴിക്കാം. കുരുത്തക്കേട് ഒപ്പിക്കാനുള്ള സാദ്ധ്യതകള്‍ കുറവ് എന്നതൊക്കെ മറ്റൊരു കാരണം. സ്തീര്ത്യരില്‍ ഇന്നും നിറഞ്ഞു നില്‍കുന്നത് വളരെ കുറച്ചു പേരുടെ പേരുകള്‍ മാത്രം, ഓര്‍മകളില്‍ പച്ചപ്പും സുഗന്ധവും നല്‍കി ഇന്നും പേരെടുത് വിളിക്കാന്‍ പറ്റുന്ന ഒരു പാട് സൌഹൃദങ്ങളുടെ തുടക്കം അവിടെ വെച്ച് തന്നെ എന്നതില്‍ ഒരു സംശയവും ഇല്ല.
മുക്കോല ഭാഗം സ്കൂളിനെ ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്മ വരുന്നത് ജാനകി ടീച്ചരെയാണ്. മുടികളില്‍ കറുപ്പിന്റെ നിഴലുകള്‍ പോലും കാണാത്ത അമ്മയുടെ സ്ഥാനത്ത് കണ്ടിരുന്ന ടീച്ചറുടെ ഓര്മ മാത്രമേ ഇന്നും മനസിലുള്ളത്. രൂപം എനിക്ക് ഒരിക്കലും ഓര്‍ത്തെടുക്കുവാന്‍ സാധിച്ചിട്ടില്ല. ഞാന്‍ ആദ്യമായി ഒരു യാത്ര അയപ്പ് യോഗത്തില്‍ പങ്കെടുത്തത് എന്റെ ഒന്നാം ക്ലാസ്സിന്റെ അവസാനത്തില്‍ ജാനകി ടീച്ചറുടെ യാത്ര അയപ്പ് യോഗത്തിലാണ്. ഞങ്ങളുടെ സ്കൂളിന്റെ പ്രധാന അധ്യാപികയായിരുന്നു ടീച്ചര്‍... എന്റെ മൂത്ത സഹോദരിയും സഹോദരനും അവിടുത്തെ വിദ്യാര്‍ഥി കള്‍ ആയിരുന്നത് കൊണ്ടാകണം ടീച്ചര്‍ക്ക് എന്നോട് ഒരു പ്രത്യേക സ്നേഹം ഉണ്ടായിരുന്നു എന്ന് എനിക്ക് തോന്നിയത്. ആ ടീച്ചറുമായി എല്ലാവര്ക്കും അങ്ങിനെ തോന്നിയിട്ടുണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം. യാത്ര അയപ്പ് യോഗത്തില്‍ ടീച്ചര്‍ പറഞ്ഞത് എന്തെന്നോ മറ്റുള്ളവര്‍ സംസാരിച്ചത് എന്തെന്നോ എന്ന് എനിക്ക് അറിയില്ല, ടീച്ചര്‍ കരഞ്ഞു, അത് കണ്ടു, എന്ത് കൊണ്ട് കരഞ്ഞു എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. യോഗവസാനം ടീച്ചര്‍ക്ക് ഒരു സമ്മാന പൊതി കൊടുത്തു (പിന്നീട് ആണ് അതിന്റെ പേര് ഉപഹാരം എന്നാണെന്ന് അറിഞ്ഞത്).
മൊയ്തു മാസ്റര്‍ ആയിരുന്നു പ്രധാന അദ്ധ്യാപകന്‍.. മറിയ ടീച്ചര്‍, ശോഭ ടീച്ചര്‍ ഇങ്ങിനെ മൂന്നു പേരുകള്‍ മാത്രമേ ആ കാലത്തുള്ള അദ്ധ്യാപകരുടെ കൂട്ടത്തില്‍ ഇന്നും ഓര്‍ത്തു വെക്കാന്‍ പറ്റുന്നത്. ഇതില്‍ മറിയ ടീച്ചറെ ഞാന്‍ കഴിഞ്ഞ വര്ഷം വടകര സഹകരണ ആശുപത്രിയില്‍ വെച്ച് അവിചാരിതമായി കാണുവാന്‍ ഇടയായി. അറിയാമോ എന്നാ എന്റെ ചോദ്യത്തിനു ടീച്ചറിന്റെ "ഷമീര്‍ എന്താ ഇവിടെ" എന്ന മറു ചോദ്യം എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ഇരുപത്തി ആര് വര്‍ഷങ്ങള്‍ക്ക് ശേഷവും ടീച്ചര്‍ എന്റെ പേരെടുത്ത് വിളിച്ചത് അഭിമാനമായി തോന്നി. ഒരു അധ്യാപികക്ക് അവരുടെ ശിഷ്യര്‍ എത്ര പ്രിയപ്പെട്ടവരാണ് എന്നതിന് വേറെ എന്ത് ഉദാഹരണം വേണം.
മുക്കോല ഭാഗം സ്കൂളില്‍ ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസ്സുകള്‍ മാത്രമാണുള്ളത്. അവിടെ ഉച്ചക്ക് കുട്ടികള്‍ക്ക് ഒരു തരത്തിലുള്ള റവ കൊടുക്കും. അമേരിക്കയില്‍ നിന്നും വരുന്ന ഒരു തരം എണ്ണയില്‍ വറുത്തെടുക്കുന്ന ആ റവ എനിക്ക് വളരെ ഇഷ്ടമായിരുന്നെങ്കിലും അത് കഴിക്കുവാനുള്ള അനുവാദം ഇല്ലായിരുന്നു, കാരണം സ്കൂള്‍ ഉച്ച ഭക്ഷണത്തിന് പിരിഞ്ഞ ഉടനെ ഉപ്പാന്റെ ഹോട്ടലില്‍ ഏതാനം എന്നതാണ് നിയമം. വൈകിയാല്‍ അത് ചോദ്യം ചെയ്യാന്‍ ഉപ്പ അവിടെ തയ്യാറായി നില്കുന്നുണ്ടാകും. ഇവിടെ പഠിക്കുന്ന കാലത്ത് എനിക്ക് ഒരു ഡ്യൂട്ടി കൂടി ഉണ്ടായിരുന്നു. സ്കൂളില്‍ പാത്താന്‍ വിട്ടാല്‍ (മൂത്രം ഒഴിക്കാന്‍ വിടുക എന്നര്‍ത്ഥം - പന്ത്രണ്ടു മണിക്കുള്ള ഇടവേള ഞങ്ങള്‍ മൂത്രം ഒഴിക്കാന്‍ നിര്‍ബന്ധിച്ചു വിടുന്ന ഒരു എര്പാടയത് കൊണ്ടായിരിക്കും ഇങ്ങിനെ ഒരു പേര് വീണത്. മൂത്രം ഒഴിക്കാന്‍ അവിടെ ഒരു മൂത്ര പുര ഉണ്ടായിരുന്നില്ല എന്ന ചോദ്യത്തിനു ഇവിടെ പ്രസക്തിയില്ല കേട്ടോ) അദ്ധ്യപക്കുള്ള ചായയും പലഹാരവും ഉപ്പാന്റെ ഹോട്ടലില്‍ നിന്നും വാങ്ങി കൊണ്ട് പോകുന്ന ഉത്തരവാദിത്തം എന്റേതായിരുന്നു. ഒരു ചെറിയ പുസ്തകത്തില്‍ ഓരോ ദിവസവും വാങ്ങിക്കുന്ന ചായയടെയും പലഹാരത്തിന്റെയും കണക്ക് എഴുതിയിടും. ഓരോ മാസവും ശമ്പളം കിട്ടുമ്പോള്‍ അവര്‍ പറ്റു തീര്‍ക്കും. ഇതായിരുന്നു എര്പാട്. ബാലവേല നിരോധനത്തിന് പ്രവര്‍ത്തിക്കുന്നവര്‍ കാണാതിരുന്നത് ഭാഗ്യം, അല്ലെങ്കില്‍ പൊല്ലാപ്പ് ആയേനെ.
ഒന്നാം ക്ലാസ്സില്‍ വെച്ചു തന്നെ മനസ്സിനെ വളരെ അടുപ്പിച്ച സൌഹൃദങ്ങള്‍ തുടങ്ങിയിരുന്നു. ആ സൌഹൃദങ്ങളില്‍ പലതും ഇന്നും നില നിര്‍ത്തുവാന്‍ സാധിക്കുന്നു എന്നതില്‍ പലപ്പോഴും അഭിമാനം തോന്നാറുണ്ട്. റിയാസ്, ഞങ്ങള്‍ ഒന്നാം ക്ലാസ്സില്‍ മാത്രമേ ഒന്നിച്ചു പഠിച്ചിരുന്നത്. പക്ഷെ എന്റെ ഏറ്റവും അടുത്ത സുഹുര്ത്തുക്കളില്‍ ഒരുവനായി ഇന്നും അവന്‍ നിലനില്കുന്നത് എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അതും ഇന്നത്തെ കാലത്തേ പോലെ ബന്ധപ്പെടുവാന്‍ പറ്റുന്ന സൌകര്യങ്ങള്‍ തീരെ നിലവില്‍ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ തുടങ്ങിയ സൌഹൃദങ്ങള്‍. . ആണ്‍ കുട്ടികളില്‍ ഓര്‍മയില്‍ നില്‍കുന്ന പേരുകളില്‍ പ്രധാനികള്‍ സിയാക്, ഷമീര്‍ അങ്ങേ പീടിക, മുഹമ്മദ് ചീക്കില്‍, നൌഫല്‍ വെളൂരി, ആശ്കര്‍, നാസര്‍ പി.ടി.കെ., റിയാസ് അങ്ങിനെ അങ്ങിനെ പോകുന്നു. പെണ്‍കുട്ടികളില്‍ പേര് ഓര്മ വരുന്നത് ഒന്നോ രണ്ടോ പേരുകള്‍ മാത്രം. മൂന്നാം ക്ലാസ്സില്‍ പകുതി ആയപ്പോയാണ് അസ്ലം മഹമൂദ് എന്ന പേരില്‍ ഒരുത്തനും കൂടി ഈ സംഘത്തില്‍ ചേരുന്നത്. അസ്ലം സ്കൂളില്‍ വന്നതിനു തൊട്ടടുത്ത ദിവസങ്ങളില്‍ എനിക്ക് ക്ലാസ്സില്‍ പോകുവാന്‍ സാധിച്ചിരുന്നില്ല. അസ്ലം എനിക്ക് പരിചയപ്പെടുത്തിയത് വളരെ രസകരമായിട്ടയിരുന്നു. കയ്യില്‍ കൂടി ആനയെ പോക്കുന്ന ഒരുത്തന്‍ വന്നിട്ടുണ്ട് നിനക്ക് വേണമെങ്കിലും ശ്രമിച്ചു നോക്കാം എന്ന് പറഞ്ഞിട്ടാണ് എന്നെ അസ്ലം ഇരിക്കുന്ന സീറ്റിന്റെ അടുത്തേക്ക് കൊണ്ട് പോയത്. പോയ ഉടനെ അസ്ലം എന്റെ വലതു കൈ കാണിക്കുവാന്‍ ആവശ്യപ്പെട്ടു. പിന്നെ നടന്നത് ഓര്‍ക്കുമ്പോള്‍ ഇന്നും കൈ വേദനിക്കും, അവന്‍ ചെയ്തത് കൈ പിടിച്ചു ഒരു പിരിക്കലായിരുന്നു. ആന നടന്നത് പോലുള്ള അടയാളം കയ്യില്‍ വരികയും ചെയ്തു.
മുക്കോല ഭാഗം സ്കൂളിന്റെ പിന്‍ വശത്തായി ഒരു പൊട്ടകിണര്‍ ഉണ്ടായിരുന്നു. പകുതി നികത്തിയ നിലയിലുള്ള ആ കിണറ്റില്‍ നിന്നും നാടകം കളിക്കലായിരുന്നു ഞങ്ങളുടെ ഒരു പ്രധാന പരിപാടി. മഷി ഗുളിക എന്നറിയപ്പെടുന്ന ഒരു തരം സാധനം വെള്ളത്തില്‍ ചാലിച്ചു മുട്ടയുടെ തോടില്‍ നിറച്ചു ഒരുവന്റെ കയ്യില്‍ വെക്കും, മറ്റവന്‍ കുത്തും, ചായം കുപ്പായ്തിലെക്ക് ഒഴിക്കും. നാടകം തീര്‍ന്നു. പിന്നെ വീട്ടിലെത്തിയാല്‍ അടുത്ത നാടകം തുടങ്ങും. ഉമ്മയുടെ വക ഒരു സാദാ കഷായം, കുപ്പായം ചീത്തയാക്കിയത്തിനു. നാടകം ശുഭം.
കളിസ്ഥലം കുറവായിരുന്ന സ്കൂളില്‍ ഞങള്‍ കളിക്കുവാന്‍ പ്രധാനമായും ആശ്രയിച്ചിരുന്നത് തൊട്ടടുത്തെ വീടുകളിലെ കൊലായകളെ ആയിരുന്നു. മണപ്പുറത്ത് വീടിന്റെയും കുന്നുമ്മല്‍ താഴ വീടിന്റെയും കൊലായകള്‍ ആയിരുന്നു ഞങ്ങളുടെ ആദ്യകാല കളിസ്ഥലങ്ങള്‍. പിന്നീട് സ്കൂളിനോട് ചേര്‍ന്ന കാട് പിടിച്ചുകിടന്ന വെട്ടിത്തെളിച്ച് നീളത്തില്‍ വീതിയില്ലാത്ത ഫുട്ബോള്‍ കളിക്കുവാനുള്ള ഒരു എര്പാട് തട്ടികൂട്ടി.
ഗുണന പട്ടിക പഠിക്കുമ്പോള്‍ ഉണ്ടായ ഒരു രസകരമായ അനുഭവം ഇപ്പോഴും ഓര്‍മവരുന്നു. ഒന്ന് മുതല്‍ പത്ത് വരെയുള്ള ഗുണന പട്ടിക പടിക്കുന്നതിനടയില്‍ ഏഴിന്റെ ഗുണനം എനിക്ക് എത്ര ശ്രമിച്ചിട്ടും ഓര്മ വരുന്നുണ്ടായിരുന്നില്ല. എട്ടും ഒമ്പതും വളരെ നന്നായി എനിക്ക് പറയാന്‍ സാധിക്കുന്നുണ്ടായിരുന്നു. ശിക്ഷയായി എന്നെ അന്ന് ക്ലാസ്സിനു വെളിയില്‍ നിര്‍ത്തി, ഇതു ടീച്ചറാണ് ഈ പാതകം ചെയ്തത് എന്ന് ചോദിക്കല്ലേ, കാരണം ടീച്ചറുടെ പേര് എനിക്ക് ഓര്‍മയില്ല. പക്ഷെ ഉര്‍വശി ശാപം ഉപകാരമായി. ക്ലാസ്സിനു വെളിയില്‍ നിര്‍ത്തിയ ഞാന്‍ അന്ന് റവ ഉണ്ടാക്കുന്നതിനെ സഹായി ആയി. അങ്ങിനെ ആദ്യമായി സ്കൂളിന്റെ റവ കഴിക്കാനുള്ള അവസരവും വന്നു.
നാലാം ക്ലാസ് കഴിഞ്ഞു ആ സ്കൂളിന്റെ പടി കടന്നു മാതൃ വിദ്യാലയമായ എം.യു.എം. ഹൈസ്കൂളിലേക്ക് പോകുന്നത് വരെ മുക്കോല ഭാഗം സ്കൂളില്‍ എന്ത് നടക്കുമ്പോഴും, അത് നാരായണ നഗരിയില്‍ നടന്ന എക്സിബിഷന്‍ കാണുവാന്‍ ആകട്ടെ, സര്‍കാസ് കാണല്‍ ആയി കൊള്ളട്ടെ, പാറമ്മല്‍ സ്കൂളില്‍ നടന്ന ശാസ്ത്ര പ്രദര്‍ശനം ആയി കൊള്ളട്ടെ എല്ലാത്തിലും മുന്‍പില്‍ ഞാനുമുണ്ടായിരുന്നു. എക്സിബിഷനില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പവലിയന്‍ "മടിക്കള്‍ കോളേജ്" എന്ന് പറഞ്ഞപ്പോള്‍ എന്നെ തിരുത്തിയത് ശോഭ ടീച്ചര്‍ ആയിരുന്നു. അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു തന്ന ആ കലാലയം തന്നെയാണ് എന്റെ ആദ്യ നഷ്ടങ്ങളില്‍ പ്രധാനി. ഇപ്പോഴും സ്കൂളിന്റെ മുന്‍പില്‍ കൂടി കടന്നു പോകുമ്പോള്‍ ഒരു പാട് ഓര്‍മ്മകള്‍ മനസ്സില്‍ കൂടി കടന്നു പോകാറുണ്ട്. നഷ്ടപ്പട്ട ദിനങ്ങള്‍ ഓര്‍ത്ത്, നല്ല കാലത്തിനെ പറ്റി ഓര്‍ത്ത്, സഹപാഠികളെ പറ്റി ഓര്‍ത്ത്, ഗുരുക്കന്മാരെ ഓര്‍ത്ത്..... ആ ക്ലാസ്സില്‍ ഒന്ന് കൂടി ഇരിക്കുവാന്‍ കാലം നമ്മെ പിന്നിലേക്ക് കൊണ്ട് പോകില്ലല്ലോ