അങ്ങിനെ നിസാർ മാഷും പോയി...
മരണം രംഗ ബോധമില്ലാതെ കടന്നു വരുന്ന കോമാളി ആണെന്ന വിശേഷണം അന്വർത്ഥമാകുന്ന മറ്റൊരു വിയോഗം കൂടി. ദൈവ വിളിക്ക് സമയം ആയിരിക്കണം എന്നത് മാത്രമാണ് നിര്ബന്ധം. സന്ദർഭം, സ്ഥലം എന്നിവക്ക് അവിടെ ഒരു പ്രസക്തിയും ഇല്ല. ആയുസ്സ് മുഴുവൻ നടന്നു തീർത്ത വഴികളിൽ നിന്നും മാറി മൈലുകൾക്കകലെ അജ്മാനിലെത്തിച്ചു പ്രാണൻ എടുക്കുക, ദൈവ വിധി എന്തായാലും ചിലത് കയ്യിൽ നിന്നും തട്ടി പറിച്ചു കൊണ്ട് പോകുന്നത് ദൈവത്തിനു ഇഷ്ടമാണ് എന്ന് തോന്നുന്ന വിധത്തിലാണ് നിസാർ മാഷുടെ വിയോഗ വാർത്ത ശ്രവിച്ചത്. മരണം സത്യമാണ്, എല്ലാ ശരീരവും മരണം രുചിക്കും. നശ്വരതയുടെ ലോകത്ത് നിന്ന് അനശ്വരതയിലേക്കുള്ള യാത്രയാണ് ജീവിതം. യാത്ര എന്ന് തുടങ്ങണം എന്നോ എന്ന് അവസാനിപ്പിക്കണം എന്നതോ തീരുമാനിക്കുവാൻ യാത്രക്കാരനോ കൂടെ നടക്കുന്നവനോ അവകാശമില്ലാത്ത ഒരു യാത്ര. യാത്ര അവസാനിക്കുനത് അനശ്വരമായ മറ്റൊരു ലോകത്തിലെക്ക് യാത്ര തുടരാൻ വേണ്ടിയാണ്.
കടത്തനാട്ടിൽ ഹരിത രാഷ്ട്രീയത്തിന് ബൌദ്ധിക നേത്രത്വം കൊടുത്ത പ്രധാനി, മികച്ച സംഘാടകൻ, എതിരാളികളുടെ പോലും പ്രശംസ പിടിച്ചു പറ്റുന്ന നിലയിൽ കാര്യങ്ങളെ വസ്തു നിഷ്ടമായി അവതരിപ്പിച്ചു തന്റെ രാഷ്ട്രീയ നിലപാടുകളെ സമർത്തിക്കുന്ന വാഗ്മി, സാമൂഹ്യ പ്രവർത്തകൻ, മാതൃകാ അദ്ധ്യാപകൻ, ഗ്രന്ഥശാലാ പ്രവർത്തകൻ, വികസന വിപ്ലവം നടത്തിയ മികച്ച കൌണ്‍സിലർ അങ്ങിനെ മാഷ്ക്ക് പതിച്ചു കൊടുക്കാൻ പറ്റുന്ന വിശേഷണങ്ങൾ പലതും. വടകര മുനിസിപൽ ഏരിയാ സിക്രട്ടറി എന്ന നിലയിൽ ദീര്ഗ്ഗകാലം സേവനം അനുഷ്ടിച്ചപ്പോൾ ഒരു സംഘടനാ കാര്യദർശിയുടെ ഉത്തരവാദിത്തം എങ്ങിനെ എന്ന് പിൻതലമുറക്ക് പാഠമാകുന്ന രീതിയിൽ കാണിച്ചു കൊടുത്ത നേതാവ്. അതായിരുന്നു മാഷ്.
എന്റെ വാർഡ് മുസ്ലിം ലീഗ് സിക്രട്ടറിയും കൌണ്‍സിലറും ആയിര്ന്നപ്പോൾ നടന്ന ഒരു സംഭവം ഓർക്കുകയാണ്. വാര്ഡ് മുസ്ലിം ലീഗ് യോഗം, സിക്രട്ടരിയായ കൌണ്‍സിലർക്ക് എതിരെ വിമർശനത്തിനെ കൂരമ്പ്‌മായി ഞങ്ങൾ പ്രവർത്തകർ എല്ലാവരും. എല്ലാം കേട്ടതിനു ശേഷം നിസാര് മാഷിന്റെ മറുപടി. മറുപടി അല്ല നൂറു കണക്കിന് പേജുള്ള ഒരു റിപ്പോര്ട്ടാണ് മാഷ് അന്ന് ഞങ്ങളുടെ മുൻപിൽ അവതരിപ്പിച്ചത്. താൻ മുനിസിപ്പൽ കൌണ്‍സിലർ ആയതിനു ശേഷം താഴെ അങ്ങാടി പ്രദേശത്തിന്റെ വികസനത്തിന് പ്രത്യെകിച്ച് ഞങ്ങളുടെ വാർഡിൽ നടപ്പിലാക്കിയ വികസന പ്രവര്ത്തങ്ങളുടെ ഒരു മുഴുവൻ റിപ്പോര്ട്ട്. നഗരസഭയിലെ ഇടതു പക്ഷ ഭരണത്തിൽ പോലും വികസനത്തിന്റെ വേലിയേറ്റം താൻ പ്രതിനിധാനം ചെയ്യുന്ന പ്രദേശത്തേക്ക് എത്തിക്കുവാൻ സാധിച്ച ഒരു മികച്ച രാഷ്ട്രീയ നേതാവ്.
രാഷ്ട്രീയത്തിന് അതീതമായ സൌഹൃദങ്ങളും സുഹുർത്ത് വലയങ്ങളും നിസാർ മാഷെ എന്നും വേറിട്ട് നിരത്തിയിരുന്നു. മുസ്ലിം ലീഗിന്റെ കടുത്ത എതിരാളികളും വിമർശകരുമായിരുന്നു എന്നും മാഷിന്റെ സന്തത സഹചാരികൾ. അവര്ക്ക് അവരുടെ രാഷ്ട്രീയം എനിക്ക് എന്റെ എന്റെ രാഷ്ട്രീയം എന്ന നിലയിൽ ബന്ധങ്ങളുടെ കണ്ണി അറ്റ് പോകാതെ സൂക്ഷിക്കാൻ മാഷ്ക്ക് കഴിഞ്ഞത് ഒരു അത്ഭുതമാണ്. ഒരേ രാഷ്ട്രീയ പ്രസ്ഥാനത്തിൽ സ്വന്തം താല്പര്യം സംരക്ഷിക്കുവാൻ വിവിധ ഗ്രൂപ്പുകളായി നിന്ന് കൊണ്ട് പരസ്പരം കലഹിച്ച് തമ്മിൽ ബന്ധമില്ലാതെ കഴിയുന്ന എന്നെ പോലുള്ള ആളുകൾ എന്നും മാതൃക ആക്കേണ്ട വ്യക്തിത്തമായിരുന്നു മാഷ്.
കൂടുതൽ ഉയരങ്ങളിലേക്ക് വളരാൻ പ്രതിഭയുള്ള ഒരു നേതാവ്, തന്റെ വളര്ച്ച തന്റെ നാടിനോളം മതി എന്ന് തീരുമാനിച്ചിരുന്നില്ലെങ്കിൽ ഒരു പക്ഷെ മുസ്ലിം ലീഗിന്റെ സംസ്ഥാന നേതൃത്തോളം വളരാൻ പറ്റുമായിരുന്നു. പിന്നിട്ട വഴികളിൽ, കൈവെച്ച മേഖലകളിൽ തന്നെ താനാക്കിയ പ്രസ്ഥാനത്തിന്റെ യശസ്സ് ഉയരത്ത് പിടിച്ചു കൊണ്ട് ഞങ്ങളെ ഹരിത രാഷ്ട്രീയം പഠിപ്പിച്ച, മിനുട്സ് എങ്ങിനെ എഴുതണം, റിപ്പോർട്ട് എങ്ങിനെ എഴുതണം, വോട്ടര് പട്ടികയിൽ എങ്ങിനെ പേര് ചേര്ക്കണം എന്നു എന്നെ വ്യക്തി പരമായി പഠിപ്പിച്ച മാഷിന്റെ പേര് എന്നും അമരമായിര്ക്കും, വടകരയിൽ, പ്രത്യെകിച്ച് ഹരിത രാഷ്ട്രീയത്തെ എന്നും നെഞ്ചേറ്റിയ താഴെ അങ്ങാടിയിൽ അവസാനത്തെ ലീഗ്കാരൻ ജീവനോടെ ഇരിക്കുന്ന കാലത്തോളം
അള്ളാഹു പൊറുത്തു കൊടുക്കട്ടെ ... ആമീൻ
