Wednesday, 7 March 2012

മാറ്റം ..... അനിവാര്യമോ?

നിങ്ങളുടെ നാട്ടില്‍ വിവരമുള്ളവരും പഠിച്ചവരുമൊക്കെ ഉണ്ടോ......? വല്ലാത്ത ഒരു ചോദ്യമായിരുന്നു അത്.... ആ ചോദ്യം മനസ്സിന്റെ എവിടെയോ വളരെ ആഴത്തില്‍ കൊണ്ടു. എന്ത് കൊണ്ടാണ് അങ്ങിനെ ചുരുങ്ങിയത് ഒരാളെങ്കിലും എന്റെ നാടിനെ കുറിച്ച് ചോദിക്കുവാന്‍ തോന്നിയത് , ആ ചോദ്യം എന്നെ വല്ലാതെ അസ്വസ്ഥനാക്കുന്നു. അങ്ങിനെ പറഞ്ഞവന് രണ്ടു ചീത്ത പറയണം എന്നാ ആദ്യം മനസ്സില്‍ വന്നത്. ഒരു വ്യക്തിയെ ചീത്ത പറഞ്ഞാല്‍ തീരുമോ യഥാര്‍ത്ഥ പ്രശ്നം? ഇല്ല എന്ന ഉത്തരം ആ ചീത്ത പറയുന്നതില്‍ നിന്നും എന്നെ പിന്നോട്ട് വലിച്ചു.

യഥാര്‍ത്തത്തില്‍ എന്റെ നാടിനു എന്തെങ്കിലും പ്രശ്നമുണ്ടോ? ഇല്ല ഇല്ല ഇല്ല എന്ന് തന്നെയാ എന്റെ ഉത്തരം. പക്ഷെ എന്തെങ്കിലും ചിലത് മാറ്റുവാനോ കുറച്ച് കൂടി സംസ്കരിച്ച് കൊണ്ടു ഉത്തുംഗതയിലെക്ക് എന്റെ നാടിനെ എത്തിക്കുവാന്‍ ഒരു സമൂഹം എന്ന നിലയില്‍ നാം എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ എന്ന ചിന്ത മനസ്സിനെ മഥിക്കുന്നു, ആ ചോദ്യത്തിന് ശേഷമെങ്കിലും.

ചരിത്രമെടുക്കാം... കുറുംബ്രനാടിന്റെ സാംസ്കാരിക വാണിജ്യ സിരാകേന്ദ്രം, വിദ്യ നേടണം എന്ന് പറഞ്ഞു കൊണ്ടു ഒരു അപരിഷ്കൃത സമൂഹത്തിനെ സംസ്കരിച്ച്ചെടുക്കുവാന്‍ ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് ഏഴു വന്കരകളിലും കുലീനമായ പെരുമാറ്റവും സത്യസന്ധത കൊണ്ടും ജനങ്ങളെ ആകര്‍ഷിച്ച മത വിശ്വാസികള്‍ ഭൂരിപക്ഷം വസിക്കുന്നിടം. കച്ചവടത്തിന് വന്ന ഗുജറാത്തി സേട്ട്‌ മാര്‍ക്ക് താമസിക്കുവാനും അവരുടെ സംസ്കൃതി നിലനിര്‍ത്തുവാന്‍ വിദ്യാലയം തുടങ്ങുവാന്‍ സൌജന്യമായി സ്ഥലം നല്‍കുവാന്‍ വിശാല മനസ്സ് കാണിച്ചവര്‍ . ചെറിയ ഒരു ഭൂ പ്രദേശത് അഞ്ചു പ്രാഥമിക വിദ്യാലയങ്ങളും, ഒരു ഉന്നത വിദ്യാലയവും മറ്റുള്ള പ്രദേശത്തുകാര്‍ അങ്ങിനെയൊന്നു ആലോചിക്കുന്നതിനു മുന്പ് തുടങ്ങിയവര്‍ , മത പരമായ ശിക്ഷണം ലഭിക്കുവാന്‍ കേരളത്തില്‍ ആദ്യമായി സ്ഥാപിച്ച ഏറ്റവും അധികം കുട്ടികള്‍ പഠിക്കുന്ന മദ്രസ്സ, മദ്രസ്സ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പ്രദേശം, ഏറ്റവും പുരാതനമായ പള്ളി ദര്സ്സുകളില്‍ ഒന്ന് , വിവിധ മുസ്ലിം വിഭാഗങ്ങളില്‍ പെട്ടവരുടെ ചെറുതും വലുതുമായ അനവധി ആരാധനാലയങ്ങള്‍ , മലബാറിലെ പുരാതന തുറമുഖ നഗരങ്ങളില്‍ ഒന്ന്, കയറ്റുമതി വ്യാപാരങ്ങളില്‍ നിപുണരായ ആളുകള്‍ ... അങ്ങിനെ അങ്ങിനെ ഒരു പാടൊരുപാട് നന്മകളും അവകാശ വാദങ്ങളും പേര്‍ത്തും പേര്‍ത്തും പറയാന്‍ ഞങ്ങളെ പോലെ ആര്ക് പറ്റും.

ആദ്യ കാലങ്ങളില്‍ സമൂഹത്തിന്റെ വിവിധ രംഗങ്ങളില്‍ പ്രഗല്‍ഭരായ ഒത്തിരി വ്യക്തിതങ്ങളെ സംഭാവന ചെയ്യുവാന്‍ കഴിഞ്ഞ ഒരു പ്രദേശം. ഡോക്ടര്‍മാര്‍, എന്ജിനീയരമാര്‍, അധ്യാപകര്‍, സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ പ്രമുഖ സ്ഥാനങ്ങള്‍ വഹിച്ച്ചവര്‍ അങ്ങിനെ പലരെയും ഈ മണ്ണ് പെറ്റു വളര്‍ത്തിയിട്ടുണ്ട്. അശരണര്‍ക്കും ആലംബഹീനര്‍ക്കും ആവോളം സഹായം നല്‍കിയും, മറ്റുള്ളവരുടെ വേദനകളും ദുഖങ്ങളും സ്വന്തം വേദനയാക്കി കണ്ണീരൊപ്പാന്‍ മുന്നിട്ടു നിന്ന ഒരു ഭൂതകാലമുണ്ടായിരുന്നു നമ്മുടെ നാട്ടിന്. വസൂരിയും അതിസാരവും താണ്ഡവമാടിയ കാലഘട്ടത്തില്‍ സംസ്ഥാനത്തിന്റെ ഇതര പ്രദേശത്തില്‍ നിന്നും ഭിന്നമായി നാട്ടുകാരായ സന്നദ്ധ സേവകരുടെ നേത്രത്വത്തില്‍ നടത്തിയ സമാശ്വാസ പ്രവര്ത്തങ്ങളുടെ കഥകള്‍ പഴമക്കാര്‍ വളരെ ആവേശത്തോടു കൂടിയാണ് പറഞ്ഞു തന്നത്. കബന്ധങ്ങള്‍ കുമിന്നു കൂടിയ അവസരങ്ങളില്‍ ഉദകകൃയകള്‍ ചെയ്യാന്‍ ബന്ധുക്കള്‍ മടിച്ചു നിന്നപ്പോള്‍ ധൈര്യ സമേതം മുന്നോട്ടു വന്ന ത്യാഗനിര്‍ഭരമായ ജീവിതം നയിച്ച പൂര്‍വികരുടെ നാട്. വസൂരി പിടിപെട്ട രോഗിയുടെ ഒരു കണ്ണില്‍ മരുന്ന് ഒഴിച്ച് കൊടുക്കുമ്പോള്‍ മറു കണ്ണ് അടര്‍ന്നു വീണത് കയ്യില്‍ ഏറ്റു വാങ്ങിയ പൂച്ചവളപ്പിലിന്റെ കഥ പറയുന്ന നാട്ടുകാര്‍. അനാഥ മൃതദേഹങ്ങളെ പരിപാലിക്കുന്ന മവാഹിബുല്‍ ഹസനാത്തും, റമസാന്‍ അത്താഴ കമ്മറ്റിയും, റിലീഫ് സെല്ലുകളും അങ്ങിനെ അങ്ങിനെ ഒത്തിരി കാര്യങ്ങള്‍ക്ക് തുടക്കിട്ടവര്‍ . മെഹ്ദി ഹസ്സന്‍, ഗുലാം അലി, ബാബു രാജ്, റാഫി, മിര്‍സ ഗാലിബ് തുടങ്ങിയ മഹാരഥന്മാരുടെ അനശ്വര സംഗീതത്തെ ഹൃദയത്തില്‍ കൊണ്ടു നടന്ന അത് മൂളുകയും ചുണ്ടുകളില്‍ തത്തിക്കളിക്കുയും ചെയ്തിരുന്ന സഹൃദയരുടെ നാട്. ഇനിയും ഇല്ലേ ഒരു പാട് എന്റെ നാടിനെ കുറിച്ചു പറയാന്‍ ...........

പക്ഷെ ഇടക്ക് എങ്ങോ നമുക്ക് നമ്മുടെ നന്മ കൈമോശം വന്നിട്ടുണ്ടോ? ഇല്ല എന്ന് പറയുന്നത് സത്യത്തിനോട് നീതി പുലര്‍ത്തല്‍ ആകുമോ? അടുത്ത കാലത്ത് വില്യാപ്പള്ളിയില്‍ നടന്ന സംഭവം തന്നെ എടുക്കാം, ഞാനടക്കം നമ്മളില്‍ പലരും മനസ്സ് കൊണ്ടെങ്കിലും സമ്മതിച്ചില്ലേ, ഫൈസല്‍ നമ്മുടെ നാട്ടുകാരനായിരുന്നു എന്ന്, വൈകി സത്യം അറിയുന്നത് വരെയെങ്കിലും. തളിപ്പറമ്പ് സര്‍ സയ്യിദില്‍ എന്റെ സഹപാഠിയായിരുന്ന ഒരു സുഹുര്‍ത്ത് ഈ സംഭവത്തിനെ കുറിച്ചുള്ള ഒരു പോസ്റ്റ്‌ എന്റെ മതിലില്‍ ഇട്ടുകൊണ്ടു ചോദിച്ചത് "ഇത് നടന്ന സ്ഥലത്തല്ലേ നിന്റെ നാട്" എന്നാ. അല്ല എന്ന് പറയുമ്പോഴും ഇത്തരം സംഭവം എന്റെ നാട്ടില്‍ നടക്കില്ല എന്ന് തീര്‍ത്തു പറയാന്‍ ഞാന്‍ അശക്തനായിരുന്നു. അത് പോലുള്ള ഒരു സംഭവം ഏതൊരു നിമിഷവും നമ്മള്‍ സത്യത്തില്‍ പ്രതീക്ഷിക്കുന്നിലെ? വിദ്യാഭ്യാസ കാര്യത്തില്‍ ഇടയ്ക്കു നമുക്ക് സംഭവിച്ച അപചയം മാറ്റി ഇന്ന് നമ്മള്‍ നടത്തികൊണ്ടിരിക്കുന്ന കുതിപ്പ് സാംസ്കാരികമായും സാമൂഹികമായും നമുക്ക് സംഭവിച്ച വീഴ്ചകള്‍ മാറ്റിയെടുക്കുവാനും നമ്മള്‍ ശ്രമിക്കേണ്ട കാലം അതിക്രമിച്ച്ചില്ലേ.

അധാര്‍മികതയും അനീതിയും ഇല്ലാത്ത, വിദ്യാഭ്യാസ-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ പത്തരമാറ്റ് ശോഭയോടെ പ്രകാശിക്കുന്ന ഒരു തലമുറയെ സംസ്കരിച് എടുക്കുവാനുള്ള ദൌത്യം നമുക്ക് ഏറ്റെടുക്കാം. നഷ്ടപ്പെട്ട അവസരങ്ങളും പ്രതാപവും വീണ്ടെടുക്കാം. ഭര്‍തൃ പീഡനങ്ങളുട കഥകളും സ്ത്രീകളുടെ കണ്ണീരും അന്യം നില്‍ക്കുന്ന ഒരു നല്ല നാളേക്ക് വേണ്ടി നമുക്ക് സ്വപ്നം കാണാം. സര്‍വ്വ ശക്തന്റെ അനുഗ്രഹം നിശ്ചയം.

No comments:

Post a Comment