Sunday, 8 December 2013

സെമി ഫൈനലിന് ശേഷം .......

രാജ്യത്തിന്റെ ഹൃദയ ഭൂമികയായ ഹിന്ദി ബെൽറ്റിൽ നടന്ന തിരഞ്ഞെടുപ്പ് ഫലം ഒരു ചൂണ്ടു പലകയാണ്. ആസന്നമായ ലോകസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായി വിശേഷിപ്പിക്കപ്പെട്ട ഉത്തര ഭാരതത്തിലെ ഈ  ജനവിധിയിൽ "തൂത്ത് " കളയപ്പെട്ട കോണ്ഗ്രസ്സിനും അത് നേതൃത്വം കൊടുക്കുന്ന മുന്നണിക്കും ഏല്പിച്ച ആഘാതമല്ല, മറിച്ച്  രാജ്യത്തിന്റെ മതേതര മനസ്സ് എത്രത്തോളം പാര്ശ്വവൽകരിക്കപ്പെട്ടു എന്ന ആശങ്കയാണ് ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് സംവിധാനം നിലനില്കണം എന്ന് ആഗ്രഹിക്കുന്നവരുടെ മനസ്സില് ഉയരേണ്ടത്.

കോണ്ഗ്രസ് ഭരണ സാരഥ്യം വഹിച്ച സംസ്ഥാനങ്ങളിലെ ഭരണ പരാജയങ്ങളൊ, ബി.ജെ.പി. ഭരിച്ച സംസ്ഥാനങ്ങളിലെ ഭരണ നേട്ടങ്ങളോ അല്ല, മറിച്ച് അധികാരത്തിലേറ്റിയ സാധാരണക്കാരന്റെ പ്രശ്നങ്ങളിൽ നിന്നും അകന്ന്, അഴിമതിയും, അമിത കോര്പറേറ്റ് വത്കരണവും, പ്രകൃതി സമ്പത്ത് ചൂഷണവും മുഖമുദ്രയാക്കിയ രണ്ടാം യു.പി.എ. സര്ക്കാരിനോടും അതിനു നേതൃത്വം കൊടുക്കുന്ന കോണ്ഗ്രസ് പാര്ട്ടിയോടുമുള്ള ജനങ്ങളുടെ പ്രതിഷേധവും,  വോട്ടെടുപ്പ് യന്ത്രത്തിൽ പതിഞ്ഞതിന്റെ പരിണിതമായി ഈ തിരഞ്ഞെടുപ്പ് ഫലത്തെ വിശകലനം ചെയ്യുന്നതിൽ  ഒരു അതിശയോക്തിയും ഇല്ല.

വികസനവും വ്യക്തി പ്രഭാവവും ആയിരുന്നു പോർ മുഖത്തെ മുഖ്യ ചര്ച്ച എങ്കിൽ, ഇന്ദ്രപ്രസ്ഥത്തിൽ ഷീല  ദീക്ഷിത്തിനും കോണ്ഗ്രസ് പാര്ട്ടിക്കും ഇത്ര വലിയ ഒരു തിരിച്ചടി ഉണ്ടാകില്ലായിരുന്നു. ഒന്നര പതിറ്റാണ്ട് കൊണ്ട് ദില്ലി നഗരത്തിന്റെയും പ്രാന്ത പ്രദേശങ്ങളുടെയും മുഖച്ഛായ    മാറ്റി മറിക്കുവാൻ ഷീല ദീക്ഷിത് സർക്കാരിന് കഴിഞ്ഞത് തിരഞ്ഞെടുപ്പ് ഫലത്തെ ഒരു വിധത്തിലും സ്വാധീനിച്ചില്ല. ലോകത്തിലെ മറ്റേതൊരു നഗരത്തോടും കിടപിടിക്കുന്ന രീതിയിൽ രാജ്യ തലസഥാനത്തെ മാറ്റിയെടുക്കാൻ  ദീക്ഷിത് സർക്കാരിന് കഴിഞ്ഞു.

രാജസ്ഥാനിൽ അശോക്‌ ഗെഹലോട്ടിന്റെ വ്യക്തി പ്രഭാവവും കൊണ്ഗ്രസ്സിനെ നിലം തൊടീച്ചില്ല. "ജല സംരക്ഷണം, ഊര്ജ്ജ സംരക്ഷണം, എല്ലാവര്ക്കും വിദ്യാഭ്യാസം" എന്നൊക്കെയുള്ള ഗെഹ്ലോട്ടിന്റെ മുദ്രാവാക്യങ്ങൾ ജനങ്ങൾ തിരസ്കരിച്ചു. "എല്ലാവര്ക്കും സൌജന്യ രോഗ നിർണയവും മരുന്നും" എന്ന ഗെഹലോട്ട് സർക്കാരിന്റെ സ്വപ്ന പദ്ധതി, എതിരായി സമ്മതിദാനം വിനിയോഗിക്കുന്നതിൽ നിന്നും ജനങ്ങളെ പിന്നോട്ട് വലിച്ചില്ല. അതിർത്തി ഗ്രാമങ്ങളായ ഉദ്ദിലെയും മറ്റും ജനങ്ങൾ ഈ പദ്ധതി നിലനില്കെ തന്നെ ചികിത്സക്കും മറ്റും ഗുജറാത്തിനെ ആണ് ഇപ്പോഴും ആശ്രയിക്കുന്നത്. 37,229 കോടി രൂപ മുതൽ മുടക്കിൽ സംസ്ഥാനത്ത് തുടങ്ങിയ പെട്രോകെമിക്കൽ കോമ്പ്ലക്സ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പെട്രോളിയം ഉത്പാദന സംസ്ഥാനമാക്കി രാജസ്ഥാനെ മാറ്റി. ഇതൊന്നും സാധാരണക്കാരന്റെ തീരുമാനത്തെ സ്വാധീനിച്ചില്ല. രാജസ്ഥാൻ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് വസുന്ദരരാജ സിന്ധ്യ് നേടിയത്.

കേന്ദ്രത്തിൽ അധികാരത്തിൽ ഒരു പതിറ്റാണ്ട് പൂര്ത്തിയാക്കുന്ന ഐക്യ പുരോഗമന സഖ്യം നടപ്പിലാക്കിയ ക്ഷേമ പദ്ധതികൾക്കും പഞ്ഞമില്ല. ഒരാൾക്ക് ഒരു മാസം അഞ്ച് കിലോ വീതം മൂന്ന് രൂപക്ക് അരിയും, രണ്ടു രൂപക്ക് ഗോതമ്പും ഉറപ്പാക്കുന്ന "ഭക്ഷ്യ സുരക്ഷ ബിൽ"  രാജ്യത്തിലെ മൂന്നിൽ രണ്ടു ഭാഗം ജനങ്ങള്ക്ക് പ്രയോജനപ്പെടുന്നതാണ്. വിപ്ലവകരം എന്ന് ലോക രാജ്യങ്ങൾ വിശേഷിപ്പിച്ച സ്വപ്ന പദ്ധതി. ലോക രാജ്യ സംഘടനയെ കൊണ്ട് ഈ പദ്ധതിക്ക് അംഗീകാരം നേടിയെടുപ്പിച്ചതിന്റെ അടുത്ത പ്രഭാതത്തിൽ ഈ പദ്ധതി നടപ്പാക്കിയ ഗവർമെന്റിനെ "ചൂല്" കൊണ്ട് തൂത്തു വാരിയ വാർത്ത കേട്ടാണ് നാട് ഉണര്ന്നത്. വിവരാകാശ ബില്, ദേശീയ തൊഴിൽ സുരക്ഷ പദ്ധതി, വിദ്യാഭ്യാസ അവകാശ ബില്, സർവ്വ ശിക്ഷാ അഭയാൻ, തോട്ടിപ്പണി നിരോധനം, വനിതാ ശാക്തീകരണ ബില്, ഉന്നത വിദ്യാഭ്യാസ രംഗത്ത് 7 ഐ.ഐ.എമ്മുകളും 7 ഐ.ഐ.ടി. കളും, ആളോഹരി വരുമാനത്തിൽ 185% വർധന (വിയോജിക്കുന്നു), ദേശീയ ആരോഗ്യ മിഷൻ, അടിസ്ഥാന സൗകര്യ വികസനത്തിലെ കുതിപ്പ്, ആധാർ കാർഡ് നടപ്പിൽ വരുത്തിയത്, പാരമ്പര്യ, പാരമ്പ്യെതര ഊര്ജ്ജ രംഗത്ത് നടത്തിയ കുതിപ്പ്, അങ്ങിനെ നേട്ടങ്ങളുടെ ഒരു വലിയ പട്ടിക തന്നെ നിരത്തിയാണ് കോണ്ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

ഇങ്ങിനെ ഒക്കെ ആയിട്ടും ഇത്രമേൽ ജനങ്ങളിൽ നിന്നും അകലാനുണ്ടായ കാരണം കോണ്ഗ്രസ് നേതൃത്വം ഗൌരവമായ ചർച്ചകൾക്കും പരിശോധനകൾക്കും വിധേയമാക്കണം. പരമ്പരാകത കോണ്ഗ്രസ് വോട്ടുകൾ ചൂലിലേക്കും, താമരയിലെക്കും മാറ്റി ചെയ്തു എന്ന് ചിന്തിക്കുന്നത് തികഞ്ഞ അതിശയോക്തി മാത്രമായിര്ക്കും. കേജരിവാളിന്റെ സഹയാത്രികർ ഇന്ത്യൻ മധ്യവർഗ്ഗ യുവതയാണ്. നാളത്തെ രാജ്യഭരണം ആരെ ഏല്പിക്കണം എന്ന് തീരുമാനിക്കേണ്ടത് ഇവരാണ്. ഓരോ ഇന്ത്യൻ നഗരത്തിലെയും ജനസംഖ്യയിലെ മൂന്നിൽ ഒന്ന് 29 വയസ്സിൽ താഴെ പ്രായമുള്ളവരാണ് എന്ന കണക്ക് ഭരണാധികാരികളെ ചിന്തിപ്പിക്കണം. രാജ്യത്തെ മൊത്തം ജനസംഖ്യയിൽ 430 ദശലക്ഷം 15നും 35നും ഇടയിൽ പ്രായമുള്ളവരാണ്.  2020ൽ ഇത് 464 ദശലക്ഷം കവിയും. അതായത് 2020ഓടെ ഇന്ത്യ ലോകത്തിലെ  "യുവ രാജ്യമായി"  മാറും. യുവ ഇന്ത്യയെ നയിക്കാനുള്ള പദ്ധതികളും കർമ പരിപാടികളുമായി മുന്നോട്ട് വരാതെ കുടുംബ മഹിമയും, പരമ്പരാഗത വോട്ടുകളെ കുറിച്ചുള്ള അമിത ആത്മവിശ്വാസവുമായി നിന്നാൽ "ചൂലിനാൽ" തൂത്ത് വാരപ്പെടും എന്നതാണ് ഇന്നത്തെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ യഥാർത്ഥ ആകര്ഷനീയത.  കാലത്തിന്റെ ചുവരെഴുത്ത് വായിക്കുവാൻ കോണ്ഗ്രസ് നേത്രത്വം തയ്യാറാകണം. അല്ലാതെ ജനങ്ങൾ "അസംത്രിപ്തരായി" എന്ന ഒറ്റ വാചകം കൊണ്ട് ചരിത്രത്തിലെ ഏറ്റവും വലിയ ഈ തോൽവിയെ നിസ്സാര വല്കരിക്കരുത്. പറഞ്ഞത് അത്മാര്ത്മായിട്ടാണെങ്കിൽ അസംത്രിപ്തിയുടെ കാരണങ്ങളും അതിനുള്ള പരിഹാര മാര്ഗങ്ങളും കോണ്ഗ്രസ് നേത്രത്വം കൈകൊള്ളണം, മറ്റൊരു അസംത്രിപ്തിയുടെ പ്രഹരം എല്ക്കുനത് വരെ കാത്ത് നില്കാതെ തന്നെ.

കേവലം ഒരു വർഷം കൊണ്ട് ഇന്ത്യം രാഷ്ട്രീയത്തിലെ അടിസ്ഥാന സമവാക്യങ്ങളെ പൊളിച്ചെഴുതിയ അരവിന്ദ് കേജരിവാളിനെ കോണ്ഗ്രസ് നേത്രത്വം പഠന വിധേയമാക്കണം. ഇന്ത്യൻ യുവതയുടെ നെഞ്ചിലെക്കാണ് ഈ മുൻ ബ്യൂറോക്രാറ്റ് കടന്നു കയറിയത്.

കോണ്ഗ്രസ്സിനുണ്ടാകുന്ന ക്ഷീണം രാജ്യത്തിൻറെ മതേതര ചിന്തയെയാണ് തകർക്കുന്നത്. ഇന്ത്യയിൽ സംഘ് ശക്തികളെ അധികാരത്തിൽ എത്തിക്കുന്നതിൽ നിന്നും തടയുവാൻ വർത്തമാന രാഷ്ട്രീയത്തിൽ കോണ്ഗ്രസസിനല്ലാതെ മറ്റാർക്കെങ്കിലും സാധിക്കും എന്ന്  ചിന്തിക്കുന്നത് മൗഢയമാണ്. കോണ്ഗ്രസിനും ബി.ജെ.പി.ക്കും ബദലായി ഇടതു പക്ഷം നടത്തിയ പരീക്ഷണങ്ങളിൽ പങ്കാളികളായവർ എല്ലാം തന്നെ പിന്നീട് ബി.ജെ.പി യെ ശക്തിപ്പെടുത്തുന്ന കാഴ്ചകളാണ് ഭൂതകാല ചരിത്രം. അത്തരം ചരിത്രങ്ങൾ ആവർത്തിക്കാതിരിക്കാൻ രാജ്യ നന്മയും പുരോഗതിയും ലക്ഷ്യമിട്ട് ഒരു വിശാല മതേതര ഐഖ്യം കെട്ടിപ്പടുക്കാൻ കോണ്ഗ്രസ് മുന്നോട്ട് വരണം. അല്ലാതെ കേവലം 12 സംസ്ഥാനങ്ങളിൽ മാത്രം അധികാരത്തിൽ -അതിൽ 7 സംസ്ഥാനങ്ങളിൽ ആകെ ഉള്ളത് 25 ലോകസഭ മണ്ഡലങ്ങൾ മാത്രം-  ഉള്ള ഒരു പാര്ട്ടിക്ക് ഇന്ത്യയിൽ അടുത്ത തിരഞ്ഞെടുപ്പിന് ശേഷവും ചെങ്കോട്ടയിൽ ത്രിവർണ പതാക പറപ്പിക്കുവാൻ സാധിക്കും എന്ന് ചിന്തിക്കുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ ശുദ്ധ ഭോഷ്ക് മാത്രം.


No comments:

Post a Comment