Tuesday, 31 December 2013

പ്രതീക്ഷ.........



അക്ഷരങ്ങൾ കൂട്ടി വായിച്ചു തുടങ്ങിയ കാലത്ത് എന്നിലെ വായനയെ സമ്പുഷ്ടമാക്കിയ അക്ഷര തുരുത്ത് 


അക്ഷരങ്ങളോട്  മുഖം തിരിഞ്ഞു നിന്ന ഒരു ഒരു സമൂഹത്തിന്റെ ഉയിർത്തെഴുനെല്പിന്നു അറിവിന്റെ "പ്രതീക്ഷ" നല്കിയ ഗ്രന്ഥാലയം..


ഖസാക്കും, ചെമ്മീനും, രണ്ടിടങ്ങഴിയം, പാത്തുമ്മയുടെ ആടും, ബാല്യകാല സഖിയും, നാലുകെട്ടും, രണ്ടാമൂഴവും, സ്മാരകശിലയും, ഈ നായ്ക്കളുടെ ലോകവും, തുലവര്ഷവും, ദൈവത്തിന്റെ വികൃതികളും മയ്യഴി പുഴയുടെ തീരവും, ദേശത്തിന്റെ കഥയും, പ്രകാശം പരത്തുന്ന പെണ്‍കുട്ടിയും സംരക്ഷിക്കപ്പെടണം; അക്ഷരങ്ങൾ മരിക്കാത്ത ഒരു നല്ല നാളേക്ക് വേണ്ടി ...... ഇന്നിന്റെ കരുതി വെപ്പാണ്‌ നാളെയുടെ പ്രതീക്ഷ.....


എ. മമ്മു മാസ്റ്റരെ പോലുള്ള "പ്രതീക്ഷ" ശില്പികളുടെ പ്രതീക്ഷ ആയിരുന്നു ഇന്നിന്റെ നാം... 


നാളെയുടെ "പ്രതീക്ഷ"കൾ അസ്തമിക്കരുത്, ആ ചിരാതിലെ തിരി അണയാതെ നോക്കണം. 


അതിലേക്ക് പകരുന്ന എണ്ണ തുള്ളിയെ ക്കാൾ മറ്റെന്തുണ്ട്  സുകൃതം 






Sunday, 8 December 2013

സെമി ഫൈനലിന് ശേഷം .......

രാജ്യത്തിന്റെ ഹൃദയ ഭൂമികയായ ഹിന്ദി ബെൽറ്റിൽ നടന്ന തിരഞ്ഞെടുപ്പ് ഫലം ഒരു ചൂണ്ടു പലകയാണ്. ആസന്നമായ ലോകസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായി വിശേഷിപ്പിക്കപ്പെട്ട ഉത്തര ഭാരതത്തിലെ ഈ  ജനവിധിയിൽ "തൂത്ത് " കളയപ്പെട്ട കോണ്ഗ്രസ്സിനും അത് നേതൃത്വം കൊടുക്കുന്ന മുന്നണിക്കും ഏല്പിച്ച ആഘാതമല്ല, മറിച്ച്  രാജ്യത്തിന്റെ മതേതര മനസ്സ് എത്രത്തോളം പാര്ശ്വവൽകരിക്കപ്പെട്ടു എന്ന ആശങ്കയാണ് ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് സംവിധാനം നിലനില്കണം എന്ന് ആഗ്രഹിക്കുന്നവരുടെ മനസ്സില് ഉയരേണ്ടത്.

കോണ്ഗ്രസ് ഭരണ സാരഥ്യം വഹിച്ച സംസ്ഥാനങ്ങളിലെ ഭരണ പരാജയങ്ങളൊ, ബി.ജെ.പി. ഭരിച്ച സംസ്ഥാനങ്ങളിലെ ഭരണ നേട്ടങ്ങളോ അല്ല, മറിച്ച് അധികാരത്തിലേറ്റിയ സാധാരണക്കാരന്റെ പ്രശ്നങ്ങളിൽ നിന്നും അകന്ന്, അഴിമതിയും, അമിത കോര്പറേറ്റ് വത്കരണവും, പ്രകൃതി സമ്പത്ത് ചൂഷണവും മുഖമുദ്രയാക്കിയ രണ്ടാം യു.പി.എ. സര്ക്കാരിനോടും അതിനു നേതൃത്വം കൊടുക്കുന്ന കോണ്ഗ്രസ് പാര്ട്ടിയോടുമുള്ള ജനങ്ങളുടെ പ്രതിഷേധവും,  വോട്ടെടുപ്പ് യന്ത്രത്തിൽ പതിഞ്ഞതിന്റെ പരിണിതമായി ഈ തിരഞ്ഞെടുപ്പ് ഫലത്തെ വിശകലനം ചെയ്യുന്നതിൽ  ഒരു അതിശയോക്തിയും ഇല്ല.

വികസനവും വ്യക്തി പ്രഭാവവും ആയിരുന്നു പോർ മുഖത്തെ മുഖ്യ ചര്ച്ച എങ്കിൽ, ഇന്ദ്രപ്രസ്ഥത്തിൽ ഷീല  ദീക്ഷിത്തിനും കോണ്ഗ്രസ് പാര്ട്ടിക്കും ഇത്ര വലിയ ഒരു തിരിച്ചടി ഉണ്ടാകില്ലായിരുന്നു. ഒന്നര പതിറ്റാണ്ട് കൊണ്ട് ദില്ലി നഗരത്തിന്റെയും പ്രാന്ത പ്രദേശങ്ങളുടെയും മുഖച്ഛായ    മാറ്റി മറിക്കുവാൻ ഷീല ദീക്ഷിത് സർക്കാരിന് കഴിഞ്ഞത് തിരഞ്ഞെടുപ്പ് ഫലത്തെ ഒരു വിധത്തിലും സ്വാധീനിച്ചില്ല. ലോകത്തിലെ മറ്റേതൊരു നഗരത്തോടും കിടപിടിക്കുന്ന രീതിയിൽ രാജ്യ തലസഥാനത്തെ മാറ്റിയെടുക്കാൻ  ദീക്ഷിത് സർക്കാരിന് കഴിഞ്ഞു.

രാജസ്ഥാനിൽ അശോക്‌ ഗെഹലോട്ടിന്റെ വ്യക്തി പ്രഭാവവും കൊണ്ഗ്രസ്സിനെ നിലം തൊടീച്ചില്ല. "ജല സംരക്ഷണം, ഊര്ജ്ജ സംരക്ഷണം, എല്ലാവര്ക്കും വിദ്യാഭ്യാസം" എന്നൊക്കെയുള്ള ഗെഹ്ലോട്ടിന്റെ മുദ്രാവാക്യങ്ങൾ ജനങ്ങൾ തിരസ്കരിച്ചു. "എല്ലാവര്ക്കും സൌജന്യ രോഗ നിർണയവും മരുന്നും" എന്ന ഗെഹലോട്ട് സർക്കാരിന്റെ സ്വപ്ന പദ്ധതി, എതിരായി സമ്മതിദാനം വിനിയോഗിക്കുന്നതിൽ നിന്നും ജനങ്ങളെ പിന്നോട്ട് വലിച്ചില്ല. അതിർത്തി ഗ്രാമങ്ങളായ ഉദ്ദിലെയും മറ്റും ജനങ്ങൾ ഈ പദ്ധതി നിലനില്കെ തന്നെ ചികിത്സക്കും മറ്റും ഗുജറാത്തിനെ ആണ് ഇപ്പോഴും ആശ്രയിക്കുന്നത്. 37,229 കോടി രൂപ മുതൽ മുടക്കിൽ സംസ്ഥാനത്ത് തുടങ്ങിയ പെട്രോകെമിക്കൽ കോമ്പ്ലക്സ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പെട്രോളിയം ഉത്പാദന സംസ്ഥാനമാക്കി രാജസ്ഥാനെ മാറ്റി. ഇതൊന്നും സാധാരണക്കാരന്റെ തീരുമാനത്തെ സ്വാധീനിച്ചില്ല. രാജസ്ഥാൻ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് വസുന്ദരരാജ സിന്ധ്യ് നേടിയത്.

കേന്ദ്രത്തിൽ അധികാരത്തിൽ ഒരു പതിറ്റാണ്ട് പൂര്ത്തിയാക്കുന്ന ഐക്യ പുരോഗമന സഖ്യം നടപ്പിലാക്കിയ ക്ഷേമ പദ്ധതികൾക്കും പഞ്ഞമില്ല. ഒരാൾക്ക് ഒരു മാസം അഞ്ച് കിലോ വീതം മൂന്ന് രൂപക്ക് അരിയും, രണ്ടു രൂപക്ക് ഗോതമ്പും ഉറപ്പാക്കുന്ന "ഭക്ഷ്യ സുരക്ഷ ബിൽ"  രാജ്യത്തിലെ മൂന്നിൽ രണ്ടു ഭാഗം ജനങ്ങള്ക്ക് പ്രയോജനപ്പെടുന്നതാണ്. വിപ്ലവകരം എന്ന് ലോക രാജ്യങ്ങൾ വിശേഷിപ്പിച്ച സ്വപ്ന പദ്ധതി. ലോക രാജ്യ സംഘടനയെ കൊണ്ട് ഈ പദ്ധതിക്ക് അംഗീകാരം നേടിയെടുപ്പിച്ചതിന്റെ അടുത്ത പ്രഭാതത്തിൽ ഈ പദ്ധതി നടപ്പാക്കിയ ഗവർമെന്റിനെ "ചൂല്" കൊണ്ട് തൂത്തു വാരിയ വാർത്ത കേട്ടാണ് നാട് ഉണര്ന്നത്. വിവരാകാശ ബില്, ദേശീയ തൊഴിൽ സുരക്ഷ പദ്ധതി, വിദ്യാഭ്യാസ അവകാശ ബില്, സർവ്വ ശിക്ഷാ അഭയാൻ, തോട്ടിപ്പണി നിരോധനം, വനിതാ ശാക്തീകരണ ബില്, ഉന്നത വിദ്യാഭ്യാസ രംഗത്ത് 7 ഐ.ഐ.എമ്മുകളും 7 ഐ.ഐ.ടി. കളും, ആളോഹരി വരുമാനത്തിൽ 185% വർധന (വിയോജിക്കുന്നു), ദേശീയ ആരോഗ്യ മിഷൻ, അടിസ്ഥാന സൗകര്യ വികസനത്തിലെ കുതിപ്പ്, ആധാർ കാർഡ് നടപ്പിൽ വരുത്തിയത്, പാരമ്പര്യ, പാരമ്പ്യെതര ഊര്ജ്ജ രംഗത്ത് നടത്തിയ കുതിപ്പ്, അങ്ങിനെ നേട്ടങ്ങളുടെ ഒരു വലിയ പട്ടിക തന്നെ നിരത്തിയാണ് കോണ്ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

ഇങ്ങിനെ ഒക്കെ ആയിട്ടും ഇത്രമേൽ ജനങ്ങളിൽ നിന്നും അകലാനുണ്ടായ കാരണം കോണ്ഗ്രസ് നേതൃത്വം ഗൌരവമായ ചർച്ചകൾക്കും പരിശോധനകൾക്കും വിധേയമാക്കണം. പരമ്പരാകത കോണ്ഗ്രസ് വോട്ടുകൾ ചൂലിലേക്കും, താമരയിലെക്കും മാറ്റി ചെയ്തു എന്ന് ചിന്തിക്കുന്നത് തികഞ്ഞ അതിശയോക്തി മാത്രമായിര്ക്കും. കേജരിവാളിന്റെ സഹയാത്രികർ ഇന്ത്യൻ മധ്യവർഗ്ഗ യുവതയാണ്. നാളത്തെ രാജ്യഭരണം ആരെ ഏല്പിക്കണം എന്ന് തീരുമാനിക്കേണ്ടത് ഇവരാണ്. ഓരോ ഇന്ത്യൻ നഗരത്തിലെയും ജനസംഖ്യയിലെ മൂന്നിൽ ഒന്ന് 29 വയസ്സിൽ താഴെ പ്രായമുള്ളവരാണ് എന്ന കണക്ക് ഭരണാധികാരികളെ ചിന്തിപ്പിക്കണം. രാജ്യത്തെ മൊത്തം ജനസംഖ്യയിൽ 430 ദശലക്ഷം 15നും 35നും ഇടയിൽ പ്രായമുള്ളവരാണ്.  2020ൽ ഇത് 464 ദശലക്ഷം കവിയും. അതായത് 2020ഓടെ ഇന്ത്യ ലോകത്തിലെ  "യുവ രാജ്യമായി"  മാറും. യുവ ഇന്ത്യയെ നയിക്കാനുള്ള പദ്ധതികളും കർമ പരിപാടികളുമായി മുന്നോട്ട് വരാതെ കുടുംബ മഹിമയും, പരമ്പരാഗത വോട്ടുകളെ കുറിച്ചുള്ള അമിത ആത്മവിശ്വാസവുമായി നിന്നാൽ "ചൂലിനാൽ" തൂത്ത് വാരപ്പെടും എന്നതാണ് ഇന്നത്തെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ യഥാർത്ഥ ആകര്ഷനീയത.  കാലത്തിന്റെ ചുവരെഴുത്ത് വായിക്കുവാൻ കോണ്ഗ്രസ് നേത്രത്വം തയ്യാറാകണം. അല്ലാതെ ജനങ്ങൾ "അസംത്രിപ്തരായി" എന്ന ഒറ്റ വാചകം കൊണ്ട് ചരിത്രത്തിലെ ഏറ്റവും വലിയ ഈ തോൽവിയെ നിസ്സാര വല്കരിക്കരുത്. പറഞ്ഞത് അത്മാര്ത്മായിട്ടാണെങ്കിൽ അസംത്രിപ്തിയുടെ കാരണങ്ങളും അതിനുള്ള പരിഹാര മാര്ഗങ്ങളും കോണ്ഗ്രസ് നേത്രത്വം കൈകൊള്ളണം, മറ്റൊരു അസംത്രിപ്തിയുടെ പ്രഹരം എല്ക്കുനത് വരെ കാത്ത് നില്കാതെ തന്നെ.

കേവലം ഒരു വർഷം കൊണ്ട് ഇന്ത്യം രാഷ്ട്രീയത്തിലെ അടിസ്ഥാന സമവാക്യങ്ങളെ പൊളിച്ചെഴുതിയ അരവിന്ദ് കേജരിവാളിനെ കോണ്ഗ്രസ് നേത്രത്വം പഠന വിധേയമാക്കണം. ഇന്ത്യൻ യുവതയുടെ നെഞ്ചിലെക്കാണ് ഈ മുൻ ബ്യൂറോക്രാറ്റ് കടന്നു കയറിയത്.

കോണ്ഗ്രസ്സിനുണ്ടാകുന്ന ക്ഷീണം രാജ്യത്തിൻറെ മതേതര ചിന്തയെയാണ് തകർക്കുന്നത്. ഇന്ത്യയിൽ സംഘ് ശക്തികളെ അധികാരത്തിൽ എത്തിക്കുന്നതിൽ നിന്നും തടയുവാൻ വർത്തമാന രാഷ്ട്രീയത്തിൽ കോണ്ഗ്രസസിനല്ലാതെ മറ്റാർക്കെങ്കിലും സാധിക്കും എന്ന്  ചിന്തിക്കുന്നത് മൗഢയമാണ്. കോണ്ഗ്രസിനും ബി.ജെ.പി.ക്കും ബദലായി ഇടതു പക്ഷം നടത്തിയ പരീക്ഷണങ്ങളിൽ പങ്കാളികളായവർ എല്ലാം തന്നെ പിന്നീട് ബി.ജെ.പി യെ ശക്തിപ്പെടുത്തുന്ന കാഴ്ചകളാണ് ഭൂതകാല ചരിത്രം. അത്തരം ചരിത്രങ്ങൾ ആവർത്തിക്കാതിരിക്കാൻ രാജ്യ നന്മയും പുരോഗതിയും ലക്ഷ്യമിട്ട് ഒരു വിശാല മതേതര ഐഖ്യം കെട്ടിപ്പടുക്കാൻ കോണ്ഗ്രസ് മുന്നോട്ട് വരണം. അല്ലാതെ കേവലം 12 സംസ്ഥാനങ്ങളിൽ മാത്രം അധികാരത്തിൽ -അതിൽ 7 സംസ്ഥാനങ്ങളിൽ ആകെ ഉള്ളത് 25 ലോകസഭ മണ്ഡലങ്ങൾ മാത്രം-  ഉള്ള ഒരു പാര്ട്ടിക്ക് ഇന്ത്യയിൽ അടുത്ത തിരഞ്ഞെടുപ്പിന് ശേഷവും ചെങ്കോട്ടയിൽ ത്രിവർണ പതാക പറപ്പിക്കുവാൻ സാധിക്കും എന്ന് ചിന്തിക്കുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ ശുദ്ധ ഭോഷ്ക് മാത്രം.


Sunday, 31 March 2013

ഞങ്ങളുടെ സ്വന്തം മാഷ്‌

അങ്ങിനെ നിസാർ മാഷും പോയി...

മരണം രംഗ ബോധമില്ലാതെ കടന്നു വരുന്ന കോമാളി ആണെന്ന വിശേഷണം അന്വർത്ഥമാകുന്ന മറ്റൊരു വിയോഗം കൂടി. ദൈവ വിളിക്ക് സമയം ആയിരിക്കണം എന്നത് മാത്രമാണ് നിര്ബന്ധം. സന്ദർഭം, സ്ഥലം എന്നിവക്ക് അവിടെ ഒരു പ്രസക്തിയും ഇല്ല. ആയുസ്സ് മുഴുവൻ നടന്നു തീർത്ത വഴികളിൽ നിന്നും മാറി മൈലുകൾക്കകലെ അജ്മാനിലെത്തിച്ചു പ്രാണൻ എടുക്കുക, ദൈവ വിധി എന്തായാലും ചിലത് കയ്യിൽ നിന്നും തട്ടി പറിച്ചു കൊണ്ട് പോകുന്നത് ദൈവത്തിനു ഇഷ്ടമാണ് എന്ന് തോന്നുന്ന വിധത്തിലാണ് നിസാർ മാഷുടെ വിയോഗ വാർത്ത ശ്രവിച്ചത്. മരണം സത്യമാണ്, എല്ലാ ശരീരവും മരണം രുചിക്കും. നശ്വരതയുടെ ലോകത്ത് നിന്ന് അനശ്വരതയിലേക്കുള്ള യാത്രയാണ് ജീവിതം. യാത്ര എന്ന് തുടങ്ങണം എന്നോ എന്ന് അവസാനിപ്പിക്കണം എന്നതോ തീരുമാനിക്കുവാൻ യാത്രക്കാരനോ കൂടെ നടക്കുന്നവനോ അവകാശമില്ലാത്ത ഒരു യാത്ര. യാത്ര അവസാനിക്കുനത് അനശ്വരമായ മറ്റൊരു ലോകത്തിലെക്ക്  യാത്ര തുടരാൻ വേണ്ടിയാണ്. 

കടത്തനാട്ടിൽ ഹരിത രാഷ്ട്രീയത്തിന് ബൌദ്ധിക നേത്രത്വം കൊടുത്ത പ്രധാനി, മികച്ച സംഘാടകൻ, എതിരാളികളുടെ പോലും  പ്രശംസ പിടിച്ചു പറ്റുന്ന നിലയിൽ കാര്യങ്ങളെ വസ്തു നിഷ്ടമായി അവതരിപ്പിച്ചു തന്റെ രാഷ്ട്രീയ നിലപാടുകളെ സമർത്തിക്കുന്ന വാഗ്മി, സാമൂഹ്യ പ്രവർത്തകൻ, മാതൃകാ അദ്ധ്യാപകൻ, ഗ്രന്ഥശാലാ പ്രവർത്തകൻ, വികസന വിപ്ലവം നടത്തിയ മികച്ച കൌണ്‍സിലർ അങ്ങിനെ മാഷ്ക്ക് പതിച്ചു കൊടുക്കാൻ പറ്റുന്ന വിശേഷണങ്ങൾ പലതും. വടകര മുനിസിപൽ ഏരിയാ സിക്രട്ടറി എന്ന നിലയിൽ ദീര്ഗ്ഗകാലം സേവനം അനുഷ്ടിച്ചപ്പോൾ ഒരു സംഘടനാ കാര്യദർശിയുടെ ഉത്തരവാദിത്തം എങ്ങിനെ എന്ന് പിൻതലമുറക്ക് പാഠമാകുന്ന രീതിയിൽ കാണിച്ചു കൊടുത്ത നേതാവ്. അതായിരുന്നു മാഷ്‌.

എന്റെ വാർഡ്‌ മുസ്ലിം ലീഗ് സിക്രട്ടറിയും കൌണ്‍സിലറും ആയിര്ന്നപ്പോൾ നടന്ന ഒരു സംഭവം ഓർക്കുകയാണ്. വാര്ഡ് മുസ്ലിം ലീഗ് യോഗം, സിക്രട്ടരിയായ കൌണ്‍സിലർക്ക് എതിരെ വിമർശനത്തിനെ കൂരമ്പ്‌മായി ഞങ്ങൾ പ്രവർത്തകർ എല്ലാവരും. എല്ലാം കേട്ടതിനു ശേഷം നിസാര് മാഷിന്റെ മറുപടി. മറുപടി അല്ല നൂറു കണക്കിന് പേജുള്ള ഒരു റിപ്പോര്ട്ടാണ് മാഷ് അന്ന് ഞങ്ങളുടെ മുൻപിൽ അവതരിപ്പിച്ചത്. താൻ മുനിസിപ്പൽ കൌണ്‍സിലർ ആയതിനു ശേഷം താഴെ അങ്ങാടി പ്രദേശത്തിന്റെ വികസനത്തിന് പ്രത്യെകിച്ച് ഞങ്ങളുടെ വാർഡിൽ നടപ്പിലാക്കിയ വികസന പ്രവര്ത്തങ്ങളുടെ ഒരു മുഴുവൻ റിപ്പോര്ട്ട്. നഗരസഭയിലെ ഇടതു പക്ഷ ഭരണത്തിൽ പോലും വികസനത്തിന്റെ വേലിയേറ്റം താൻ പ്രതിനിധാനം ചെയ്യുന്ന പ്രദേശത്തേക്ക് എത്തിക്കുവാൻ സാധിച്ച ഒരു മികച്ച രാഷ്ട്രീയ നേതാവ്. 

രാഷ്ട്രീയത്തിന് അതീതമായ സൌഹൃദങ്ങളും സുഹുർത്ത് വലയങ്ങളും നിസാർ മാഷെ എന്നും വേറിട്ട്‌ നിരത്തിയിരുന്നു. മുസ്ലിം ലീഗിന്റെ കടുത്ത എതിരാളികളും വിമർശകരുമായിരുന്നു എന്നും  മാഷിന്റെ സന്തത സഹചാരികൾ. അവര്ക്ക് അവരുടെ രാഷ്ട്രീയം എനിക്ക് എന്റെ എന്റെ രാഷ്ട്രീയം എന്ന നിലയിൽ ബന്ധങ്ങളുടെ കണ്ണി അറ്റ് പോകാതെ  സൂക്ഷിക്കാൻ മാഷ്ക്ക് കഴിഞ്ഞത് ഒരു അത്ഭുതമാണ്. ഒരേ രാഷ്ട്രീയ പ്രസ്ഥാനത്തിൽ സ്വന്തം താല്പര്യം സംരക്ഷിക്കുവാൻ വിവിധ ഗ്രൂപ്പുകളായി നിന്ന് കൊണ്ട് പരസ്പരം  കലഹിച്ച് തമ്മിൽ ബന്ധമില്ലാതെ കഴിയുന്ന എന്നെ പോലുള്ള ആളുകൾ എന്നും മാതൃക ആക്കേണ്ട വ്യക്തിത്തമായിരുന്നു മാഷ്. 

കൂടുതൽ ഉയരങ്ങളിലേക്ക് വളരാൻ പ്രതിഭയുള്ള ഒരു നേതാവ്, തന്റെ വളര്ച്ച തന്റെ നാടിനോളം മതി എന്ന് തീരുമാനിച്ചിരുന്നില്ലെങ്കിൽ ഒരു പക്ഷെ മുസ്ലിം ലീഗിന്റെ സംസ്ഥാന നേതൃത്തോളം വളരാൻ പറ്റുമായിരുന്നു. പിന്നിട്ട വഴികളിൽ, കൈവെച്ച മേഖലകളിൽ തന്നെ താനാക്കിയ പ്രസ്ഥാനത്തിന്റെ യശസ്സ് ഉയരത്ത് പിടിച്ചു കൊണ്ട് ഞങ്ങളെ ഹരിത രാഷ്ട്രീയം പഠിപ്പിച്ച, മിനുട്സ് എങ്ങിനെ എഴുതണം, റിപ്പോർട്ട് എങ്ങിനെ എഴുതണം, വോട്ടര് പട്ടികയിൽ എങ്ങിനെ പേര് ചേര്ക്കണം എന്നു എന്നെ വ്യക്തി പരമായി പഠിപ്പിച്ച മാഷിന്റെ പേര് എന്നും അമരമായിര്ക്കും, വടകരയിൽ, പ്രത്യെകിച്ച് ഹരിത രാഷ്ട്രീയത്തെ എന്നും നെഞ്ചേറ്റിയ താഴെ അങ്ങാടിയിൽ അവസാനത്തെ ലീഗ്കാരൻ ജീവനോടെ ഇരിക്കുന്ന കാലത്തോളം 

അള്ളാഹു പൊറുത്തു കൊടുക്കട്ടെ ... ആമീൻ 

Friday, 25 January 2013




മേരാ ഭാരത് മഹാന്‍!! 

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മതേതര രാഷ്ട്രം ഒരു സ്വതന്ത്ര പരമാധികാര ജനാധിപത്യ മതേതര റിപ്പബ്ലിക് ആയി നിലവില്‍ വന്നിട്ട് 2013 ജനുവരി 26നു 63 വര്ഷം പൂര്‍ത്തിയാവുകയാണ്. വൈദേശികാധിപത്യത്തില്‍ നിന്നും നിരവധി പ്രക്ഷോഭങ്ങള്‍ക്കും രക്തസാക്ഷിത്വം വരിക്കലിനും വിരാമമിട്ടുകൊണ്ട് 1947 ആഗസ്ത് 15നു അര്‍ദ്ധരാത്രി രാജ്യം സ്വതന്ത്രമായി എങ്കിലും, ഒരു സുസ്ഥിര ഭരണ ഘടന നിലവില്‍ വന്നിട്ടുണ്ടായിരുന്നില്ല. 1935 ആഗസ്തില്‍ ബ്രിട്ടീഷ് പാര്‍ലിമെന്റ് പാസ്സാക്കിയ "ഇന്ത്യ ഗവര്‍മെന്റ് നിയമം 1935 (Government  of  India  Act  1935)" അനുസരിച്ച് ഭരണ നിര്‍വ്വഹണം നടത്തി വരികയായിരുന്നു സ്വാതന്ത്ര ഭാരതം, ഒരു റിപ്പബ്ലിക് ആയി നാമകരണം ചെയ്യുന്നത് വരെ.  1935ലെ ഇന്ത്യാ ഗവര്‍മെന്റ് നിയമം മൂലം ബ്രിട്ടീഷ്‌ ഇന്ത്യയില്‍ നാമ മാത്രമായ സ്വയം ഭരണ അവകാശങ്ങളും , പഴയ നാട്ടുരാജ്യങ്ങളുടെ സ്ഥാനത്ത് ഇന്ത്യന്‍ ഫെഡരേഷന്‍ നിലവില്‍ വാരാനും അനുവാദം നല്‍കുകയും, നിലവില്‍ ഉണ്ടായിരുന്ന 70 ലക്ഷം പേര്‍ പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയക്ക് പകരമായി കൂടുതല്‍ പേര്‍ക്ക് (മൂന്നര കോടിയോളം)  നേരിട്ട പങ്കെടുക്കുവാന്‍ സാധിക്കുന്ന തരത്തിലുള്ള തിരഞ്ഞെടുപ്പ് സംവിധാനം നിലവില്‍ വരികയും ചെയ്തു എന്നല്ല്ലാതെ നമ്മുടെ രാഷ്ട്ര പുരോഗതിക്ക് ചാലക ശക്തിയായി മാറുവാന്‍ വേണ്ട ഒരു ഭരണ ഘടന ആയിരുന്നില്ല അത്. 

നമ്മുടെ രാഷ്ട്ര പിതാവ് മഹാത്മജിയും മറ്റു രാഷ്ട്ര ശില്പികളും സ്വപ്നം കണ്ട ഒരു പരമാധികാര റിപ്പബ്ലിക്ക് ആയി ഭാരതത്തെ മാറ്റിയെടുക്കുവാന്‍ ഭരണ ഘടനാ നിര്‍മ്മാണ സഭയിലെ അംഗങ്ങള്‍ അതിന്റെ പ്രതിഭാശാലിയും ദാര്‍ശനികനുമായ അധ്യക്ഷന്‍ ഡോക്ടര്‍ ബാബ സാഹെബ് അംബേദ്‌കരിന്റെ നിരവധി തവണ യോഗങ്ങള്‍ ചേരുകയും വിവിധ നിര്‍ദ്ദേശങ്ങളുടെയും ഭേദഗതികളുടെയും ശേഷം  1949 നവംബര്‍ 26നു ചേര്‍ന്ന ഭരണഘടന നിര്‍മ്മാണ സഭ ഇന്ത്യന്‍ ഭരണഘടനക്ക് അംഗീകാരം നല്‍കുകയും ചെയ്തു. 1949 നവംബര്‍ 26നു ഭരണഘടന പൂര്‍ണ്ണമായും അംഗീകരിക്കപ്പെട്ടെങ്കിലും അവിടുന്നും രണ്ടു മാസം വീണ്ടും  എടുത്തു ഭാരതത്തെ ഒരു പരമാധികാര റിപ്പബ്ലിക്ക് ആയി പ്രഖ്യാപിച്ച് ഭരണഘടന നിലവില്‍ വരാന്‍  . ജനുവരി 26 എന്ന ദിവസം തിരഞ്ഞെടുക്കനുണ്ടായിരുന്ന കാരണം "പൂര്‍ണ്ണ സ്വരാജ്" എന്ന സ്വാതന്ത്ര സമരത്തിലെ നിര്‍ണ്ണായക പ്രഖ്യപനത്തിന്റെ ഓര്‍മ്മ പുതുക്കല്‍ ആയിട്ടാണ്. 1929 ഡിസംബര്‍ 31നു ലാഹോറിലെ രാവി നദിക്കരയില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ പണ്ഡിറ്റ്‌ ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ സ്വതന്ത്ര ഇന്ത്യയുടെ പതാക ഉയര്‍ത്തുകയും 1930 ജനുവരി 26നു "പൂര്‍ണ്ണ സ്വരാജ്" ആണ് നമ്മുടെ ആത്യന്തിക ലക്‌ഷ്യം എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് അങ്ങോട്ട് ആരംഭിച്ച തീക്ഷണ സമരങ്ങളുടെ ഫലമായാണ് ഭാരതം വൈദേശിക ആധിപത്യത്തില്‍ നിന്നും മോചിതയാകുന്നത്. 

രാജ്യം വളരെ പ്രൗഡിയോടുകൂടി ആണ് ഓരോ വര്‍ഷവും റിപ്പബ്ലിക് ദിനം കൊണ്ടാടുന്നത്. രാജ്യ ചരിത്രത്തിലെ നിര്‌ണ്ണായകമായ ഈ ദിവസത്തെ വൈവിധ്യങ്ങളുടെ സംഗമമായ ഇന്ത്യയടെ  നാനാത്വത്തില്‍ ഏകത്വം എന്ന പ്രഖ്യാപനത്തെ അന്വര്‍ത്ഥമാക്കുന്ന രീതിയിലാണ് ആഘോഷിക്കുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തെ രക്ത പങ്കിലമാക്കി രക്തം സാക്ഷിത്വം വരിച്ച ധീരരായ സ്വാതന്ത്ര്യ സമര നായകരുടെ ഓര്‍മ്മ പുതുക്കലും നമ്മുടെ അതിര്‍ത്തി കാക്കുന്നതിനിടയില്‍ ധീര രക്തസാക്ഷിത്വം വരിച്ച ജവാന്മാരുടെ സ്മരണകളില്‍ ആദരാഞ്ജലി അര്‍പ്പിച്ചും തുടങ്ങുന്ന ചടങ്ങ് ലോക രാജ്യങ്ങളുടെ മുന്നില്‍ ഇന്ത്യുടെ കരുത്ത് തെളിയിക്കുന്ന ഒരു ചടങ്ങായി മാറ്റാന്‍ ഓരോ വര്‍ഷവും നമുക്ക് കഴിഞ്ഞിട്ടുണ്ട്. രാജ്യ തലസ്ഥാനത്തെ രാഷ്ട്രപാതി ഭവന്‍ സ്ഥിതി ചെയ്യുന്ന റൈസിന കുന്നില്‍ നിന്നും ആരംഭിച്ച് രാജ്പഥ് ലൂടെ ഇന്ത്യ ഗെറ്റ് വരെ നീളുന്ന, പ്രൗഡിയും അഭിമാനവും വിളിച്ചോതുന്ന പരേഡ് മറ്റേത് രാജ്യത്തിനും അസൂയ തോന്നിപ്പിക്കുന്ന തരത്തില്‍ ശക്തി തെളിയിക്കുന്ന ഒന്നാണ്. 

ഈ റിപ്പബ്ലിക് ദിനത്തിലും ഇന്ത്യയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥമാക്കുന്നത് അതിന്റെ ജനാധിപത്യ മതേതര സംവിധാനമാണ്. ഇന്ത്യ പോലെ വൈവിധ്യമായ ഒരു സംസ്കൃതിയില്‍, 1652 ഭാഷകളും നാനാതരം ജാതികളും മതങ്ങളും നിവസിക്കുന്ന ഒരു രാജ്യത്ത് 63 വര്‍ഷങ്ങള്‍ക്ക് ശേഷവും ജനാതിപത്യ സംവിധാനം ഒരു പോറല്‍ പോലും എല്കാതെ നിന്ന് പോകുന്നത് തന്നെയാണ് ഇന്ത്യയടെ വിജയം. ഇന്ത്യക്കൊപ്പമോ അതിനു ശേഷമോ ഇങ്ങിനെ ഒരു സംവിധാനം പരീക്ഷിച്ച ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ ജനാതിപത്യം ഏകാധിപത്യത്തിലെക്കും പട്ടാള വിപ്ലവങ്ങളിലെക്കും മാറിയെങ്കിലും നമ്മുടെ ഈ സംവിധാനത്തെ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കുവാന്‍ ഓരോ ഭാരതീയനും കഴിഞ്ഞു എന്നതാണ് ഇന്ത്യയുടെ റിപ്പബ്ലിക് ദിന ആഘോഷത്തെ അര്‍ത്ഥവത്താക്കുന്നത് . ആശാസ്യമല്ലാത്ത പല പ്രവണതകളും ഭരണാധികാരികളില്‍ നിന്നും ഭരനനിര്‌വ്വഹണവൃന്ദങ്ങളില്‍  നിന്നും കാലാകാലങ്ങളില്‍ സംഭവിച്ചിട്ടുണ്ട് എന്നത് നിസ്സംശയം തന്നെ പറയാം. പക്ഷെ അതൊന്നും ഒരിക്കലും ഈ സംവിധാനത്തിന്റെ നിലനില്പിനെ ചോദ്യം ചെയ്യുന്നതിലേക്ക് വളര്‍ന്നില്ല എന്നതാണ് നമ്മുടെ ഭരണഘടനയുടെ വിജയം. അണ്ണാ ഹസാരെയും ബാബ റംദേവും പോലുള്ള ആക്സിവിസ്ടുകള്‍ ഇന്ത്യയിലെ അഴിമതിക്കെതിരെ നടത്തത്തിയ സമരം തന്നെ ഇതിനൊരു ഉദാഹരണം. ഒരു ആള്‍കൂട്ടത്തെ സ്രിഷിടിച്ച് ഇന്ത്യയടെ ജനാധിപത്യ സംവിധാനത്തെ വെല്ലുവിളിച്ച് നടത്തിയ ആ സമരത്തിന്റെ ഇന്നത്തെ അവസ്ഥയും സമരം നടത്തിയ നേതാക്കള്‍ ഇന്ന് എത്തി നില്കുന സംവിധാനവും വര്‍ത്തമാന ഇന്ത്യയിലെ ഒരു സാക്ഷി പത്രമാണ് .    ജനാധിപത്യത്തില്‍ പാര്‍ലിമെന്റും  അതിലെ തിരഞ്ഞെടുത്ത ജനപ്രധിനിധികളുമാണ് നിയമം നിര്‍മ്മിക്കേണ്ടത്. അത് ഒരിക്കലും രാംലീല മൈതാനത്ത് നിന്നോ ഇന്ത്യ ഗേറ്റില്‍ നിന്നും കാണുന്ന ജനക്കൂട്ടങ്ങ്ളുടെ വികാരത്തിനെ അടിസ്ഥാനമാക്കി ആകരുത്. നിയമ നിര്‍മ്മാണം എന്നും രാജ്യപുരോഗതിയെ മുന്നിര്‍ത്തി വിവേകത്തോടെ ആയിര്‍ക്കണം, വികാരത്തെ ആസ്പദമാക്കി ആകരുത് . അതാണ ബാബ സാഹെബ് അംബേദ്‌കര്‍ കാണിച്ചു തന്നത്, ഇന്ത്യ ഒരു മത രാഷ്ട്രമാക്കണം എന്ന ആര്‍ .എസ് .എസ. സംഘ് താല്‍പര്യങ്ങളെ അല്ല, മറിച്ച് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുവാന്‍ എല്ലാ വിഭാഗം ജനങ്ങളുടെയും കൂട്ടായ നിലനില്പും, നിയമ നിര്‍മ്മാണത്തിലും നിയമ-ഭരണ നിര്‍വഹണ രംഗത്തും അവര്‍ക്ക് തുല്യ പങ്കാളിത്തവും  ഉറപ്പാക്കി കൊണ്ടുള്ള ഭരണഘടനയാണ് ഇന്ത്യക്ക് അഭികാമ്യം എന്നാ തിരിച്ചരിവ് ഇതാണ് അടിവരയിടുന്നത്. ദളിതന്റെയും അധസ്ഥിതന്റെയും മുഖ്യധരയിലേക്കുള്ള കടന്നു വരവും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളുടെ ഉന്നതിയും സാധ്യമാക്കിയാല്‍ മാത്രമേ ഏതൊരു  സമൂഹത്തിന്റെയും പുരോഗതി പൂര്ന്നമാവുകയുള്ളൂ. ഇതാണ് ഇന്ത്യന്‍ ഭരണഘടനയുടെ മറ്റൊരു സുന്ദര മുഖം, അധസ്ഥിതനെ ഉയര്‍ത്തുവാന്‍ അവന്‍ ഭരിക്കപ്പെടെണ്ടവന്‌ മാത്രമല്ലെ, ഭരണം നിര്‍വ്വഹിക്കെണ്ടവന്‌ കൂടി ആണ് എന്ന പ്രഖ്യാപനം നമ്മുടെ ഭരണഘടനയെ കൂടുതല്‍ സൌന്ദര്യം ഉള്ളതായി തീര്‍ക്കുന്നു. 

Wednesday, 9 January 2013

വേണമോ നമുക്ക് ഇങ്ങിനെ ഒരു ദിവസം!


ബാരിസ്ടരായി ദക്ഷിണ ആഫ്രിക്കയില്‍ ജോലി ചെയ്തു കൊണ്ടിരുന്ന മോഹന്‍ദാസ്‌ കരം ചന്ദ് ഗാന്ധി എന്ന അര്‍ദ്ധ നഗ്നനായ ഫക്കീര്‍  പ്രവാസ ജീവിതം മതിയാക്കി ജന്മദേശമായ ഇന്ത്യയില്‍ 1915 ജനുവരി 9നു എത്തിച്ചേര്‍ന്നു ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനു നേത്രത്വം നല്‍കിയതിന്റെ ഓര്മ പുതുക്കലായിട്ടാണ് കഴിഞ്ഞ 11 വര്‍ഷമായി കേന്ദ്ര സര്‍ക്കാരിന്റെ നേത്രത്വത്തില്‍ പ്രവാസി ഭാരതീയ ദിവസം എന്ന മാമാങ്കം കൊണ്ടാണ്ടുന്നത് . വരേണ്യ പ്രവാസി സമൂഹത്തിനു രണ്ടു ദിവസം സര്‍ക്കാര്‍ അതിഥി കളായി പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ തിന്നും കുടിച്ചും കലാവിരുന്ന് ആസ്വദിച്ചും തങ്ങളുടെ വാണിജ്യ വ്യവസായ സാമ്രാജ്യങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനെ കുറിച്ച് ആകുലപ്പെട്ടും അവസരങ്ങള്‍ തേടിയും നടക്കുവാന്‍ വഴിവെക്കുന്ന ഒരു വഴിപാടു ഉത്സവം എന്നതില്‍ ഉപരിയായി എന്ത് പ്രയോജനമാണ് ഇത്തരം കൂടിച്ചേരലുകള്‍ കൊണ്ട് സാധാരണ പ്രവാസി സമൂഹത്തിനു ലഭിക്കുന്നത്. ഈ മഹാമഹത്തില്‍ പങ്കെടുക്കുവാന്‍ ഈടാക്കുന്ന ഫീസ്‌ കൊണ്ട് തുടങ്ങാം ആദ്യം തന്നെ:

Conference  RS. 16200
Non Conference  RS. 6750
Student  Rs. 6750
Pre PBD Seminar Rs1000

ഇതിനൊക്കെ 12.36% സേവന നികുതിയും! അതായത് കെട്ടുതാലിയും പുരയിടവും പണയപ്പെടുത്തി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കുവാന്‍ മനലാരണയത്തില്‍ കഷ്ടപ്പെടുന്ന പ്രവാസിക്ക് അവന്റെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ നടക്കുന്ന സമ്മേളനത്തിന് പങ്കെടുക്കണമെങ്കില്‍ അവന്റെ ഒന്നോ രണ്ടോ മാസത്തെ ശമ്പളം വേണം എന്നര്‍ത്ഥം. പതിനൊന്നു വര്‍ഷമായി ആവര്‍ത്തിച്ച് ചര്‍ച്ച ചെയ്തിട്ടും പ്രവാസികളുടെ പ്രശങ്ങള്‍ക്ക് ഒരു പരിഹാരവും ഉണ്ടായിട്ടില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ജനുവരി 7 നു നടന്ന ഗള്‍ഫ് രാജ്യങ്ങള്‍ക് ആയുള്ള പ്രത്യേക ദിവസത്തെ ചര്‍ച്ച കൊണ്ട് മനസ്സിലാക്കുവാന്‍ സാധിക്കുന്നത്. ഇപ്പോഴും കേള്‍കുമ്പോള്‍ മറ്റുള്ളവര്‍ക്ക് പരിഹാസം പോലെ തോന്നുകയും പ്രവാസി സമൂഹം ഒരു പാട് കാലമായി ആവര്‌ത്തിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ആവശ്യങ്ങള്‍ മാത്രമായിരുന്നു പ്രാവാസി സമൂഹത്തിന്റെ സിംഹ ഭാഗവും അധിവസിക്കുന്ന ഗള്‍ഫ് മേഖലകളിലെ പ്രതിനിധികള്‍ക്ക് പറയാനുണ്ടായിരുന്നത് എന്നത് ഈ വിഷയത്തിന്റെ ഗൌരവം അധികാരികള്‍ എത്ര ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നത് എന്നതിന്റെ തെളിവാണ്.  എയര്‍ ഇന്ത്യയുടെ തീവെട്ടി കൊള്ള, സീസണ്‍ സമയത്തെ യാത്ര ദുരിതം, പാസ്പോര്‍ട്ട്‌ സേവനത്തിനുള്ള ഭീമമായ ഫീസ്‌ വര്‍ധന, എംബസ്സി സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുക, പട്ടിക്ക് പൊതി തേങ്ങ കിട്ടിയത് പോലെ യാതൊരു പ്രയോജനവും ഇല്ലാതെ അനുവദിച്ച് തന്ന പ്രവാസി വോട്ടവകാശ ഭരണഘടനാ ഭേദഗതി പ്രയൊജനകരമാം വിധം നടപ്പിലാക്കുക, ആവശ്യ ഘട്ടങ്ങളില്‍ നിയമ സഹായം നല്‍കുക, രിക്രുട്ട്മെന്റ്റ് സ്ഥാപനങ്ങളുടെ ചൂഷണങ്ങള്‍ തടയുക, വിവിധ രാജ്യങ്ങളിലെ ജയിലുകളില്‍ കാരണങ്ങള്‍ കൂടാതെ കഴിയുന്നവരുടെ മോചനം സാധ്യമാക്കുക  തുടങ്ങി അടിസ്ഥാന വര്‍ഗത്തിന്റെ പൊതു ആവശ്യങ്ങള്‍ക്ക് പരിഹാരമാണ് പ്രവാസി സമൂഹം പ്രതീക്ഷിക്കുന്നത്. നികുതി ദായകന്റെ ചിലവില്‍ ക്രീമിലെയര്‍ മാമാങ്കം പൊടിപൊടിക്കുന്നത്  അടിസ്ഥാന വര്‍ഗത്തിന്റെ വിമോചനത്തിനു ജീവിതം ഉഴിഞ്ഞു വെച്ച മഹാത്മാവിന്റെ സ്മരണയ്ക്ക് എന്ന മൂടുപടം അണിയുന്നത് അദ്ദേഹത്തോട് കാണിക്കുന്ന അനാദരവ് തന്നെയാണ് എന്നാണ് എന്റെ പക്ഷം.

2012-2013 സാമ്പത്തിക വര്‍ഷത്തില്‍ പ്രവാസികളില്‍ നാട്ടിലേക്ക് അയക്കുന്ന വിദേശ നാണയത്തിന്റെ മൂല്യം ഒരു ലക്ഷത്തി നാല്‍പതിനായിരം കോടിയോളം വരും എന്നാണ് ഫോക്സ് സാമ്പത്തിക മാസിക പുറത്ത് വിട്ട വിവരം. രാജ്യത്ത് എത്തിച്ചേരുന്ന വിദേശ നാണ്യത്തിന്റെ  പകുതിയില്‍ അധികവും പ്രവാസികളുടെ അധ്വാനത്തിന്റെ ഫലമായാണ്‌. എത്തിച്ചേരുന്നത് . രാജ്യത്തിന്റെ വളര്ച്ച നിരക്ക് 8%ത്തില്‍ എത്തിക്കും എന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ച് പറയുന്നത് ഇന്ത്യയിലെ ആഭ്യന്തര-കയറ്റുമതി വ്യാപാരത്തെ മാത്രം ആശ്രയിച്ചു കൊണ്ടായിരിക്കില്ല, രാജ്യത്തിന്റെ വളര്‍ച്ചയുടെ തോത് നിര്‍ണയിക്കുന്നതില്‍ പ്രവാസികളുടെ പങ്ക് ഒരിക്കലും അവഗണിക്കുവാന്‍ പറ്റില്ല എന്ന് സാമ്പത്തിക വിദഗ്ദന്മാരൊക്കെ ഒരേ സ്വരത്തില്‍ അഭിപ്രയപ്പെടുന്നതാണ്. കയറ്റുമതി വ്യാപാരത്തിലൂടെ ഇന്ത്യയിലേക്ക് വിദേശ നാണ്യം നേടിത്തരുന്ന വന്‍കിട ചെറുകിട കോര്പരെറ്റ് സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര ഗവര്‍മെന്റ് ആനുകൂല്യങ്ങളും സബ്സിഡികളും വാരിക്കോരി കൊടുക്കുകയും പ്രത്യേക സാമ്പത്തിക മേഖലകള്‍ സൃഷ്ടിക്കുകയും ചെയ്ത് കയറ്റു മതി  വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുമ്പോള്‍, പ്രതികൂല കാലാവസ്ഥയില്‍  ചോര നീരാക്കി സ്വന്തം രാജ്യത്തേക്ക് വിദേശ നാണ്യത്തിന്റെ ഒഴുക്ക് സൃഷ്ടിക്കുന്ന പ്രവാസി സമൂഹത്തിനു അവഗണന മാത്രം നല്‍കുന്നത് ഒരു നിലക്കും ന്യായീകരിക്കുവാന്‍ സാധിക്കുകയില്ല.

Tuesday, 8 January 2013

സര്‍ക്കാര്‍ ജീവനക്കാരുടെ സമരം എന്ത് കൊണ്ട് എതിര്‍ക്കപെടനം


എന്താണ് സര്‍ക്കാര്‍ ഉദ്യോഗതത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണീയത. ഒരു തവണ കയറിപ്പറ്റിയാല്‍ മരണം വരെയും ഒരു പക്ഷെ മരണ ശേഷവും അധ്വാനിക്കാതെ കഴിഞ്ഞു കൂടാം എന്ന ഒരു പൊതു വികാരത്തെ അന്വര്ത്വം ആക്കുന്നതാണ് ഇന്ന് ആരംഭിച്ച സമരാഭാസം. റവന്യു വരുമാനത്തിന്റെ 81% വും ശമ്പളവും പെന്‌ഷനുമായി ചിലവഴിക്കുന്ന ഒരു സംസ്ഥാനത്ത് ദീര്‍ഘവീക്ഷണമുള്ള ഒരു സര്‍ക്കാര്‍ ഭാവി തലമുറയുടെ സുരക്ഷിതത്വം മുന്നില്‍ കണ്ടു നടപ്പാക്കിയ പങ്കാളിത്ത പെന്ഷനെ എതിര്‍ക്കുന്നത് ഈ സംവിധാനം കൊണ്ട് ഒരു തരത്തിലുമുള്ള കോട്ടവും സംഭവിക്കാത്ത ഇന്നത്തെ സര്‍ക്ക്കാന്‍ ജീവനക്കാര്‍ ആണെന്നുള്ള വസ്തുതയാണ് മറ്റൊരു വിരോധാഭാസം. പങ്കാളിത്ത പെന്‍ഷന്‍ 2013 ഏപ്രില്‍ ഒന്ന് മുതല്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്ന പുതിയ നിയമനങ്ങള്‍ക്ക് മാത്രമേ ബാധകമാവുകയുള്ളു എന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്. പുതുതായി ജോലിക്ക് നിയമിതരാകുന്നവര്‍ സര്‍ക്കാരിന്റെ പുതിയ സംവിധാനത്തെ അംഗീകരിച്ച് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാന്‍ തയ്യാറാവണം. അങ്ങിനെയാകുമ്പോള്‍  ഈ പുതിയ സംവിധാനത്തെ എതിര്‍ക്കുന്നത്  തൊഴില്‍ രഹിതരായ ചെറുപ്പക്കാര്‍ ആണെങ്കില്‍ അതിനെ പരിഗണിക്കുന്നതില്‍ ചെറിയ ഒരു പരിധിവരെ ശരിയുണ്ടാകാം. 

ശമ്പളവും പെന്‍ഷനും വായ്പ്പ എടുത്തതിന്റെ പലിശയും അടക്കം ഒരു വര്ഷം സര്‍ക്കാര്‍ കടമെടുക്കേണ്ടി വരുന്നത് 2951 കോടി രൂപ! അതായത് പലിശ അടക്കുവാന്‍ വീണ്ടും പലിശക്ക് കടം എടുക്കേണ്ട അവസ്ഥ അതാണ്‌ ഇന്നത്തെ നമ്മുടെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി. 5% വരുന്ന ഉദ്യോഗസ്ഥ വൃന്ദം അവരെ മരണം വരെ തീറ്റി പോറ്റേണ്ട ചുമതല ശിഷ്ടം വരുന്ന 95% വരുന്ന ജന സമൂഹത്തിന്റെ പിടലിയില്‍ കേട്ടിവേക്കുന്നതില്‍ നിന്നും ശക്തമായ  ഒരു ഇടപെടല്‍ ആണ് യു.ഡി.എഫ്. സര്‍ക്കാര്‍ നടത്തിയത്. സംസ്ഥാനത്ത് വികസനം നടത്തി സമൂഹത്തിനു മൊത്തത്തില്‍ ഉപകാരപ്രദമാകും വിധം റവന്യു ഫണ്ടിന്റെ വിനിയോഗം സാധ്യമാക്കുന്നതിനെ വെറും 5% വരുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ താല്പര്യം മാത്രം നോക്കി ഇത്രയും നാള്‍ അട്ടിമറിച്ചത്, ജങ്ങളോട് ഉത്തരവാദിത്വമുള്ള ഒരു സര്‍ക്കാരിനു എത്ര കാലം മുന്നോട്ട് കൊണ്ട് പോകുവാന്‍ ആകും. വരും തലമുറയുടെ ശാപം ഇന്നത്തെ ഭരണകര്‍ത്താക്കളുടെ തലയില്‍ വീഴാതെ ഇരിക്കണമെങ്കില്‍ ഇത്രയെങ്കിലും ചെയ്യേണ്ടേ. 

ഇന്ത്യാ രാജ്യത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കാത്തത് വെറും രണ്ടു സംസ്ഥാനങ്ങളില്‍ മാത്രമാണെന്നുള്ള വസ്തുത ഈ തീരുമാനാം എടുക്കാന്‍ നാം എന്തേ ഇത്രയും അമാന്തിച്ചു എന്ന ചിന്തയാണ് നമ്മുടെ അകതാരില്‍ ഉയരേണ്ടത്. കേന്ദ്ര സര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കിയപ്പോള്‍ അതിനെതിരെ ഒരു വാക്ക് പോലും ഉരിയാടാതെ അതിനെ സര്‍വ്വാത്മനാ അംഗീകരിച്ചവര്‍ തന്നെയാണ് കേരളത്തില്‍ ഇതിനെ എതിര്‍ക്കുന്നത് എന്നത്  സമരത്തിന്റെ  ഉദ്ദേശ ശുദ്ദിയെ സംശയത്തോടെ നോക്കിക്കാണുവാന്‍ പ്രേരിപ്പിക്കുന്നു. സ്റ്റെറ്റിന്റെ താല്പര്യം മുന്‍ നിര്‍ത്തി കൊണ്ട് വന്ന പരിഷ്കാരങ്ങളെ ആദ്യം പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുകയും പിന്നീട് അതിന്റെ വക്താക്കളായി മാറുകയും ചെയ്യുന്ന ഇടതുപക്ഷത്തിന്റെ പ്രത്യേകിച്ച് മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ മറ്റൊരു ചരിത്രപരമായ മണ്ടത്തരമായിരിക്കും പങ്കാളിത്ത പെന്‍ഷന്‍ വിരുദ്ധ സമരവും എന്നത് കാലം തെളിയിക്കും. ട്രക്ടറും , കമ്പുട്ടറും, പ്രി-ഡിഗ്രീ ബോര്‍ഡും, നെടുമ്പാശ്ശേരി വിമാനത്താവളവും, എ.ഡി.ബി. വായ്പയും, സ്മാര്‍ട്ട് സിറ്റിയുമൊക്കെ എതിര്‍ത്തവര്‍ ഒരു ഉളുപ്പും ഇല്ലാതെ അതിന്റെയൊക്കെ പ്രായോജകര്‍ ആയത് സി.പി.എം. ബുദ്ധി കേന്ദ്രങ്ങള്‍ മറന്നാലും കേരള സമൂഹം മറക്കില്ല. കാലം സി.പി.എമ്മിനെ പങ്കാളിത്ത പെന്‌ഷന്റെ വക്താക്കളായി മാറ്റും എന്നതിനും ഒരു സംശയവും ഇല്ല, കാരണം സി.പി.എം. ഭരിച്ചപ്പോള്‍ പശ്ചിമ ബംഗാളില്‍ നടപ്പിലാക്കി കഴിഞ്ഞ ഒരു സംവിധാനത്തോടുള്ള എതിര്‍പ്പ് പ്രത്യശാസ്ത്ര പരമല്ല എന്നത് തന്നെ. അപ്പോള്‍ ഇതിനെ എങ്ങിനെ ന്യായീകരിക്കും എന്നതിനെ പറ്റിയുള്ള പ്രത്യ ശാസ്ത്ര വിശകലത്തിനു ബുദ്ധി ജീവികളെ ഇപ്പോള്‍ തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ടാകും പാര്‍ട്ടി. 

Saturday, 13 October 2012

ആ കാലം ഇനിയും വരുമോ .......

ആ കാലം ഇനിയും വരുമോ.....
ആ ക്ലാസ്സില്‍ നമ്മള്‍ ഒന്നിച്ച് ഇരിക്കാനായി......

ഒരു കവിയുടെ മനോഹരമായ വരി. ഏതൊരു വ്യക്തിയുടെയും ജീവിത കാലഘട്ടത്തില്‍ ഒരിക്കലും മറന്നു പോകാന്‍ ഇടയില്ലാത്ത ഒരു കാലഘട്ടമാണ് കലാലയ ജീവിതം. ഇത്രയധികം നഷ്ടബോധവും ഗ്രഹതുരത്വവും ഓര്‍മപ്പെടുത്തുന്ന ഒരു കാലഘട്ടം വേറെ ഒന്നും തന്നെഇല്ല എന്നതാണ് സത്യം. ആ ക്ലാസ്സില്‍ ഒന്ന് കൂടി പോയി ഇരിക്കണം എന്ന് ഒരിക്കലെങ്കിലും തോന്നാത്ത ഏത് ജന്മമാണ് ഉള്ളത്. ഒന്നാം ക്ലാസ്സില്‍ നിന്നും രണ്ടില്‍ എത്തിയപ്പോഴാണ് കൂടുതല്‍ പഠിക്കേണ്ട കാര്യങ്ങള്‍ ഓര്‍ത്തിട്ടാവണം ആ പഴയ ക്ലാസ്സില്‍ ഒന്ന് കൂടി പോയി ഇരിക്കണം എന്ന ആഗ്രഹം ആദ്യം തോന്നിയത്. അത് തുടര്‍ന്ന് തുടര്‍ന്ന് വന്നു. 

അക്ഷരങ്ങള്‍ വായിച്ച്  തുടങ്ങുന്നത് വടകര മനാരുല്‍ ഇസ്ലാം സഭയുടെ കീഴിലുള്ള മുക്കോലഭാഗം ജൂനിയര്‍ ബേസിക് സ്കൂള്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന് കൊണ്ടാണ്. എന്റെ വീടിന്റെ അടുത്തുള്ള കുട്ടികളൊക്കെ ചേര്‍ന്ന് പഠിച്ചത് എം.യു.എം. ജെ.ബി. സ്കൂളില്‍ ആയപ്പോഴും എന്നെയും സഹോദരങ്ങളെയും മുക്കോല ഭാഗം സ്കൂളില്‍ ചേര്‍ത്താന്‍ പ്രധാന കാരണം ഉപ്പാന്റെ ഹോട്ടല്‍ സ്കൂളിന്റെ വിളിപ്പാടകലെ എന്ന സൗകര്യം പരിഗണിച്ചായിരുന്നു. അവിടെയാണെങ്കില്‍ ഉച്ചക്ക് വീട്ടില്‍ വരാതെ ഭക്ഷണം ഉപ്പാന്റെ ഹോട്ടലില്‍ നിന്നും കഴിക്കാം. കുരുത്തക്കേട് ഒപ്പിക്കാനുള്ള സാദ്ധ്യതകള്‍ കുറവ് എന്നതൊക്കെ മറ്റൊരു കാരണം. സ്തീര്ത്യരില്‍ ഇന്നും നിറഞ്ഞു നില്‍കുന്നത് വളരെ കുറച്ചു പേരുടെ പേരുകള്‍ മാത്രം, ഓര്‍മകളില്‍ പച്ചപ്പും സുഗന്ധവും നല്‍കി ഇന്നും പേരെടുത് വിളിക്കാന്‍ പറ്റുന്ന ഒരു പാട് സൌഹൃദങ്ങളുടെ തുടക്കം അവിടെ വെച്ച് തന്നെ എന്നതില്‍ ഒരു സംശയവും ഇല്ല.

മുക്കോല ഭാഗം സ്കൂളിനെ ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്മ വരുന്നത് ജാനകി ടീച്ചരെയാണ്. മുടികളില്‍ കറുപ്പിന്റെ നിഴലുകള്‍ പോലും കാണാത്ത അമ്മയുടെ സ്ഥാനത്ത് കണ്ടിരുന്ന ടീച്ചറുടെ ഓര്മ മാത്രമേ ഇന്നും മനസിലുള്ളത്. രൂപം എനിക്ക് ഒരിക്കലും ഓര്‍ത്തെടുക്കുവാന്‍ സാധിച്ചിട്ടില്ല. ഞാന്‍ ആദ്യമായി ഒരു യാത്ര അയപ്പ് യോഗത്തില്‍ പങ്കെടുത്തത് എന്റെ ഒന്നാം ക്ലാസ്സിന്റെ അവസാനത്തില്‍ ജാനകി ടീച്ചറുടെ യാത്ര അയപ്പ് യോഗത്തിലാണ്. ഞങ്ങളുടെ സ്കൂളിന്റെ പ്രധാന അധ്യാപികയായിരുന്നു ടീച്ചര്‍... എന്റെ മൂത്ത സഹോദരിയും സഹോദരനും അവിടുത്തെ വിദ്യാര്‍ഥി കള്‍ ആയിരുന്നത് കൊണ്ടാകണം ടീച്ചര്‍ക്ക് എന്നോട് ഒരു പ്രത്യേക സ്നേഹം ഉണ്ടായിരുന്നു എന്ന് എനിക്ക് തോന്നിയത്.  ആ ടീച്ചറുമായി എല്ലാവര്ക്കും അങ്ങിനെ തോന്നിയിട്ടുണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം. യാത്ര അയപ്പ് യോഗത്തില്‍ ടീച്ചര്‍ പറഞ്ഞത് എന്തെന്നോ മറ്റുള്ളവര്‍ സംസാരിച്ചത് എന്തെന്നോ എന്ന് എനിക്ക് അറിയില്ല, ടീച്ചര്‍ കരഞ്ഞു, അത് കണ്ടു, എന്ത് കൊണ്ട് കരഞ്ഞു എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. യോഗവസാനം ടീച്ചര്‍ക്ക് ഒരു സമ്മാന പൊതി കൊടുത്തു (പിന്നീട് ആണ് അതിന്റെ പേര് ഉപഹാരം എന്നാണെന്ന് അറിഞ്ഞത്). 

മൊയ്തു മാസ്റര്‍ ആയിരുന്നു പ്രധാന അദ്ധ്യാപകന്‍.. മറിയ ടീച്ചര്‍, ശോഭ ടീച്ചര്‍ ഇങ്ങിനെ മൂന്നു പേരുകള്‍ മാത്രമേ ആ കാലത്തുള്ള അദ്ധ്യാപകരുടെ കൂട്ടത്തില്‍ ഇന്നും ഓര്‍ത്തു വെക്കാന്‍ പറ്റുന്നത്. ഇതില്‍ മറിയ ടീച്ചറെ ഞാന്‍ കഴിഞ്ഞ വര്ഷം വടകര സഹകരണ ആശുപത്രിയില്‍ വെച്ച് അവിചാരിതമായി കാണുവാന്‍ ഇടയായി. അറിയാമോ എന്നാ എന്റെ ചോദ്യത്തിനു ടീച്ചറിന്റെ "ഷമീര്‍ എന്താ ഇവിടെ" എന്ന മറു ചോദ്യം എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ഇരുപത്തി ആര് വര്‍ഷങ്ങള്‍ക്ക് ശേഷവും ടീച്ചര്‍ എന്റെ പേരെടുത്ത് വിളിച്ചത് അഭിമാനമായി തോന്നി. ഒരു അധ്യാപികക്ക് അവരുടെ ശിഷ്യര്‍ എത്ര പ്രിയപ്പെട്ടവരാണ് എന്നതിന് വേറെ എന്ത് ഉദാഹരണം വേണം.

മുക്കോല ഭാഗം സ്കൂളില്‍ ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസ്സുകള്‍ മാത്രമാണുള്ളത്. അവിടെ ഉച്ചക്ക് കുട്ടികള്‍ക്ക് ഒരു തരത്തിലുള്ള റവ കൊടുക്കും. അമേരിക്കയില്‍ നിന്നും വരുന്ന ഒരു തരം എണ്ണയില്‍ വറുത്തെടുക്കുന്ന ആ റവ എനിക്ക് വളരെ ഇഷ്ടമായിരുന്നെങ്കിലും അത് കഴിക്കുവാനുള്ള അനുവാദം ഇല്ലായിരുന്നു, കാരണം സ്കൂള്‍ ഉച്ച ഭക്ഷണത്തിന് പിരിഞ്ഞ ഉടനെ ഉപ്പാന്റെ ഹോട്ടലില്‍ ഏതാനം എന്നതാണ് നിയമം. വൈകിയാല്‍ അത് ചോദ്യം ചെയ്യാന്‍ ഉപ്പ അവിടെ തയ്യാറായി നില്കുന്നുണ്ടാകും. ഇവിടെ പഠിക്കുന്ന കാലത്ത് എനിക്ക് ഒരു ഡ്യൂട്ടി കൂടി ഉണ്ടായിരുന്നു. സ്കൂളില്‍ പാത്താന്‍ വിട്ടാല്‍ (മൂത്രം ഒഴിക്കാന്‍ വിടുക എന്നര്‍ത്ഥം - പന്ത്രണ്ടു മണിക്കുള്ള ഇടവേള ഞങ്ങള്‍ മൂത്രം ഒഴിക്കാന്‍ നിര്‍ബന്ധിച്ചു വിടുന്ന ഒരു എര്പാടയത് കൊണ്ടായിരിക്കും ഇങ്ങിനെ ഒരു പേര് വീണത്. മൂത്രം ഒഴിക്കാന്‍ അവിടെ ഒരു മൂത്ര പുര ഉണ്ടായിരുന്നില്ല എന്ന ചോദ്യത്തിനു ഇവിടെ പ്രസക്തിയില്ല കേട്ടോ)  അദ്ധ്യപക്കുള്ള ചായയും പലഹാരവും ഉപ്പാന്റെ ഹോട്ടലില്‍ നിന്നും വാങ്ങി കൊണ്ട് പോകുന്ന ഉത്തരവാദിത്തം എന്റേതായിരുന്നു. ഒരു ചെറിയ പുസ്തകത്തില്‍ ഓരോ ദിവസവും വാങ്ങിക്കുന്ന ചായയടെയും പലഹാരത്തിന്റെയും കണക്ക് എഴുതിയിടും. ഓരോ മാസവും ശമ്പളം കിട്ടുമ്പോള്‍ അവര്‍ പറ്റു തീര്‍ക്കും. ഇതായിരുന്നു എര്പാട്. ബാലവേല നിരോധനത്തിന് പ്രവര്‍ത്തിക്കുന്നവര്‍ കാണാതിരുന്നത് ഭാഗ്യം, അല്ലെങ്കില്‍ പൊല്ലാപ്പ് ആയേനെ. 

ഒന്നാം ക്ലാസ്സില്‍ വെച്ചു തന്നെ മനസ്സിനെ വളരെ അടുപ്പിച്ച സൌഹൃദങ്ങള്‍ തുടങ്ങിയിരുന്നു. ആ സൌഹൃദങ്ങളില്‍ പലതും ഇന്നും നില നിര്‍ത്തുവാന്‍ സാധിക്കുന്നു എന്നതില്‍ പലപ്പോഴും അഭിമാനം തോന്നാറുണ്ട്. റിയാസ്, ഞങ്ങള്‍ ഒന്നാം ക്ലാസ്സില്‍ മാത്രമേ ഒന്നിച്ചു പഠിച്ചിരുന്നത്. പക്ഷെ എന്റെ ഏറ്റവും അടുത്ത സുഹുര്ത്തുക്കളില്‍ ഒരുവനായി ഇന്നും അവന്‍ നിലനില്കുന്നത് എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അതും ഇന്നത്തെ കാലത്തേ പോലെ ബന്ധപ്പെടുവാന്‍ പറ്റുന്ന സൌകര്യങ്ങള്‍ തീരെ നിലവില്‍ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ തുടങ്ങിയ സൌഹൃദങ്ങള്‍. . ആണ്‍ കുട്ടികളില്‍ ഓര്‍മയില്‍ നില്‍കുന്ന പേരുകളില്‍ പ്രധാനികള്‍ സിയാക്, ഷമീര്‍ അങ്ങേ പീടിക, മുഹമ്മദ്‌ ചീക്കില്‍, നൌഫല്‍ വെളൂരി, ആശ്കര്‍, നാസര്‍ പി.ടി.കെ., റിയാസ് അങ്ങിനെ അങ്ങിനെ പോകുന്നു. പെണ്‍കുട്ടികളില്‍ പേര് ഓര്മ വരുന്നത് ഒന്നോ രണ്ടോ പേരുകള്‍ മാത്രം. മൂന്നാം ക്ലാസ്സില്‍ പകുതി ആയപ്പോയാണ് അസ്ലം മഹമൂദ് എന്ന പേരില്‍ ഒരുത്തനും കൂടി ഈ സംഘത്തില്‍ ചേരുന്നത്. അസ്ലം സ്കൂളില്‍ വന്നതിനു തൊട്ടടുത്ത ദിവസങ്ങളില്‍ എനിക്ക് ക്ലാസ്സില്‍ പോകുവാന്‍ സാധിച്ചിരുന്നില്ല. അസ്ലം എനിക്ക് പരിചയപ്പെടുത്തിയത് വളരെ രസകരമായിട്ടയിരുന്നു. കയ്യില്‍ കൂടി ആനയെ പോക്കുന്ന ഒരുത്തന്‍ വന്നിട്ടുണ്ട് നിനക്ക് വേണമെങ്കിലും ശ്രമിച്ചു നോക്കാം എന്ന് പറഞ്ഞിട്ടാണ് എന്നെ അസ്ലം ഇരിക്കുന്ന സീറ്റിന്റെ അടുത്തേക്ക് കൊണ്ട് പോയത്. പോയ ഉടനെ അസ്ലം എന്റെ വലതു കൈ കാണിക്കുവാന്‍ ആവശ്യപ്പെട്ടു. പിന്നെ നടന്നത് ഓര്‍ക്കുമ്പോള്‍ ഇന്നും കൈ വേദനിക്കും, അവന്‍ ചെയ്തത് കൈ പിടിച്ചു ഒരു പിരിക്കലായിരുന്നു. ആന നടന്നത് പോലുള്ള അടയാളം കയ്യില്‍ വരികയും ചെയ്തു. 

മുക്കോല ഭാഗം സ്കൂളിന്റെ പിന്‍ വശത്തായി ഒരു പൊട്ടകിണര്‍ ഉണ്ടായിരുന്നു. പകുതി നികത്തിയ നിലയിലുള്ള ആ കിണറ്റില്‍ നിന്നും നാടകം കളിക്കലായിരുന്നു ഞങ്ങളുടെ ഒരു പ്രധാന പരിപാടി. മഷി ഗുളിക എന്നറിയപ്പെടുന്ന ഒരു തരം സാധനം വെള്ളത്തില്‍ ചാലിച്ചു മുട്ടയുടെ തോടില്‍ നിറച്ചു ഒരുവന്റെ കയ്യില്‍ വെക്കും, മറ്റവന്‍ കുത്തും, ചായം കുപ്പായ്തിലെക്ക് ഒഴിക്കും. നാടകം തീര്‍ന്നു. പിന്നെ വീട്ടിലെത്തിയാല്‍ അടുത്ത നാടകം തുടങ്ങും. ഉമ്മയുടെ വക ഒരു സാദാ കഷായം, കുപ്പായം ചീത്തയാക്കിയത്തിനു. നാടകം ശുഭം. 

കളിസ്ഥലം കുറവായിരുന്ന സ്കൂളില്‍ ഞങള്‍ കളിക്കുവാന്‍ പ്രധാനമായും ആശ്രയിച്ചിരുന്നത് തൊട്ടടുത്തെ വീടുകളിലെ കൊലായകളെ ആയിരുന്നു. മണപ്പുറത്ത് വീടിന്റെയും കുന്നുമ്മല്‍ താഴ വീടിന്റെയും കൊലായകള്‍ ആയിരുന്നു ഞങ്ങളുടെ ആദ്യകാല കളിസ്ഥലങ്ങള്‍. പിന്നീട് സ്കൂളിനോട് ചേര്‍ന്ന കാട് പിടിച്ചുകിടന്ന വെട്ടിത്തെളിച്ച് നീളത്തില്‍ വീതിയില്ലാത്ത ഫുട്ബോള്‍ കളിക്കുവാനുള്ള  ഒരു എര്പാട് തട്ടികൂട്ടി. 

ഗുണന പട്ടിക പഠിക്കുമ്പോള്‍ ഉണ്ടായ ഒരു രസകരമായ അനുഭവം ഇപ്പോഴും ഓര്‍മവരുന്നു. ഒന്ന് മുതല്‍ പത്ത് വരെയുള്ള ഗുണന പട്ടിക പടിക്കുന്നതിനടയില്‍ ഏഴിന്റെ ഗുണനം എനിക്ക് എത്ര ശ്രമിച്ചിട്ടും ഓര്മ വരുന്നുണ്ടായിരുന്നില്ല. എട്ടും ഒമ്പതും വളരെ നന്നായി എനിക്ക് പറയാന്‍ സാധിക്കുന്നുണ്ടായിരുന്നു. ശിക്ഷയായി എന്നെ അന്ന് ക്ലാസ്സിനു വെളിയില്‍ നിര്‍ത്തി, ഇതു ടീച്ചറാണ് ഈ പാതകം ചെയ്തത് എന്ന് ചോദിക്കല്ലേ, കാരണം ടീച്ചറുടെ പേര് എനിക്ക് ഓര്‍മയില്ല. പക്ഷെ ഉര്‍വശി ശാപം ഉപകാരമായി. ക്ലാസ്സിനു വെളിയില്‍ നിര്‍ത്തിയ ഞാന്‍ അന്ന് റവ ഉണ്ടാക്കുന്നതിനെ സഹായി ആയി. അങ്ങിനെ ആദ്യമായി സ്കൂളിന്റെ റവ കഴിക്കാനുള്ള അവസരവും വന്നു. 

നാലാം ക്ലാസ് കഴിഞ്ഞു ആ സ്കൂളിന്റെ പടി കടന്നു മാതൃ വിദ്യാലയമായ എം.യു.എം. ഹൈസ്കൂളിലേക്ക് പോകുന്നത് വരെ മുക്കോല ഭാഗം സ്കൂളില്‍ എന്ത് നടക്കുമ്പോഴും, അത് നാരായണ നഗരിയില്‍ നടന്ന എക്സിബിഷന്‍ കാണുവാന്‍ ആകട്ടെ, സര്‍കാസ് കാണല്‍ ആയി കൊള്ളട്ടെ, പാറമ്മല്‍ സ്കൂളില്‍ നടന്ന ശാസ്ത്ര പ്രദര്‍ശനം ആയി കൊള്ളട്ടെ എല്ലാത്തിലും മുന്‍പില്‍ ഞാനുമുണ്ടായിരുന്നു. എക്സിബിഷനില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പവലിയന്‍ "മടിക്കള്‍ കോളേജ്" എന്ന് പറഞ്ഞപ്പോള്‍ എന്നെ തിരുത്തിയത് ശോഭ ടീച്ചര്‍ ആയിരുന്നു. അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു തന്ന ആ കലാലയം തന്നെയാണ് എന്റെ ആദ്യ നഷ്ടങ്ങളില്‍ പ്രധാനി. ഇപ്പോഴും സ്കൂളിന്റെ മുന്‍പില്‍ കൂടി കടന്നു പോകുമ്പോള്‍ ഒരു പാട് ഓര്‍മ്മകള്‍ മനസ്സില്‍ കൂടി കടന്നു പോകാറുണ്ട്. നഷ്ടപ്പട്ട ദിനങ്ങള്‍ ഓര്‍ത്ത്, നല്ല കാലത്തിനെ പറ്റി ഓര്‍ത്ത്, സഹപാഠികളെ പറ്റി ഓര്‍ത്ത്, ഗുരുക്കന്മാരെ ഓര്‍ത്ത്..... ആ ക്ലാസ്സില്‍ ഒന്ന് കൂടി ഇരിക്കുവാന്‍ കാലം നമ്മെ പിന്നിലേക്ക് കൊണ്ട് പോകില്ലല്ലോ